മദ്യപിച്ച് വാഹനം ഓടിച്ചതിന് മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ താരം വെയ്ന്‍ റൂണി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് വെയ്ന്‍ റൂണി അറസ്റ്റിലായതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സെപ്റ്റംബര്‍ 18ന് സ്റ്റോക്ക്‌പോര്‍ട്ട് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് റൂണിക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് താരം ജാക്ക് മക്‌ലറുമൊത്തുള്ള ബാറില്‍നിന്നുള്ള സെല്‍ഫി ചിത്രം റൂണിയെ വിവാദത്തില്‍ എത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് റൂണി അറസ്റ്റിലായത്. ഇപ്പോള്‍ എവര്‍ട്ടണിനുവേണ്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന റൂണി, കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് അന്താരാഷ്‌ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചത്.