ശിഖര്‍ ധവാന്‍റെ ക്യാച്ചെടുത്തതോടെ ന്യൂസീലന്‍ഡ് താരം റോസ് ടെയ്‌ലര്‍ക്ക് റെക്കോര്‍ഡ്. ഏകദിനത്തില്‍ കിവീസിനായി കൂടുതല്‍ ക്യാച്ചെടുക്കുന്ന ഫീല്‍ഡറാണ് ടെയ്‌ലര്‍.
ബേ ഓവല്‍: ഇന്ത്യ- ന്യൂസീലന്‍ഡ് മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗ് റെക്കോര്‍ഡിട്ട് റോസ് ടെയ്‌ലര്‍. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പിടികൂടിയതോടെ ഏകദിനത്തില്‍ കൂടുതല്‍ ക്യാച്ചെടുത്ത ന്യൂസീലന്‍ഡ് ഫീല്‍ഡറെന്ന നേട്ടത്തിലെത്തി ടെയ്‌ലര്‍. 133 ക്യാച്ചുകള്‍ നേടിയിട്ടുള്ള മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗിനെ മറകടന്ന ടെയ്‌ലര്‍ തന്‍റെ സമ്പാദ്യം 134ലെത്തിച്ചു.
ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ ആദ്യ വിക്കറ്റാണ് ധവാനിലൂടെ നഷ്ടമായത്. ബോള്‍ട്ട് എറിഞ്ഞ ഒമ്പതാം ഓവറിലെ രണ്ടാം പന്തിലാണ് ധവാന് ടെയ്‌ലര്‍ കുരുക്ക് തീര്‍ത്തത്. ഇരുപത്തിയേഴ് പന്തില്‍ 28 റണ്‍സാണ് ശിഖര്‍ ധവാനെടുത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് കിവീസ് 49 ഓവറില്‍ 243ല്‍ പുറത്തായപ്പോള്‍ 93 റണ്‍സ് നേടി ടെയ്‌ലറായിരുന്നു ടോപ് സ്‌കോറര്‍. പരമ്പരയില്‍ ആദ്യമായാണ് ടെയ്‌ലര്‍ ഫോമിലായത്.
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കിവീസിനെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷമിയും രണ്ടുവീതം പേരെ പുറത്താക്കിയ പാണ്ഡ്യയും ചാഹലും ഭുവിയുമാണ് തകര്‍ത്തത്. 59 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ കിവീസിനെ നാലാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടിച്ചേര്‍ത്ത ടെയ്‌ലര്‍- ലഥാം സഖ്യമാണ് കരകയറ്റിയത്.
