സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സെത്തുമ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടമായ കീവീസ് തകര്‍ച്ചയെ മുന്നില്‍ക്കണ്ടപ്പോഴാണ് കാലിനേറ്റ പരിക്കുപോലും വകവെക്കാതെ ക്രീസിലെത്തിയ ടെയ്‌ലര്‍ 147 പന്തില്‍ 181 റണ്‍സടിച്ച് കീവീസിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് അവിശ്വസനീയ ജയം സമ്മാനിച്ച് റോസ് ടെയ്‌ലര്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോണി ബെയര്‍സ്റ്റോയുടെയും(138) ജോ റൂട്ടിന്റെയും സെഞ്ചുറി മികവില്‍ ഇംഗ്ലണ്ട് 339 റണ്‍സടിച്ചപ്പോള്‍ ടെയ്‌ലറുടെ സെഞ്ചുറി മികവില്‍ കീവീസ് 49.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 335/9, ന്യൂസിലന്‍ഡ് 49.3 ഓവറില്‍ 339/5.

സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സെത്തുമ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടമായ കീവീസ് തകര്‍ച്ചയെ മുന്നില്‍ക്കണ്ടപ്പോഴാണ് കാലിനേറ്റ പരിക്കുപോലും വകവെക്കാതെ ക്രീസിലെത്തിയ ടെയ്‌ലര്‍ 147 പന്തില്‍ 181 റണ്‍സടിച്ച് കീവീസിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. സെഞ്ചുറിക്ക് അരികില്‍ നില്‍ക്കുമ്പോള്‍ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടാനായി ക്രീസിലേക്ക് ഡൈവ് ചെയ്തപ്പോഴാണ് ടെയ്‌ലറുടെ കാലിന് പരിക്കേറ്റത്. പിന്നീട് വേദന കടിച്ചമര്‍ത്തിയാണ് ടെയ്‌ലര്‍ ബാറ്റിംഗ് തുടര്‍ന്നത്. ഏകദിന ക്രിക്കറ്റില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഒരു ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്കോറാണ് ടെയ്‌ലറുടേത്. ഷെയ്ന്‍ വാട്സണ്‍(185), വിരാട് കോലി(183), എംഎസ് ധോണി(183) എന്നിവരാണ് ഈ നേട്ടത്തില്‍ ടെയ്‌ലര്‍ക്ക് മുന്നിലുള്ളത്.

17 ബൗണ്ടറിയും ആറ് സിക്സറും അടങ്ങുന്നതായിരുന്നു ടെയ്‌ലറുടെ ഇന്നിംഗ്സ്. മധ്യനിരയില്‍ ടോം ലഥാം(71), ക്യാപ്റ്റന്‍ കെയ്ന്‍ വില്യാംസണ്‍(45) എന്നിവരും ടെയ്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. രണ്ടാം ഓവറില്‍ കോളിന്‍ മണ്‍റോയെയും(0) മൂന്നാം ഓവറില്‍ ഗപ്ടിലിനെയും(0) നഷ്ടമായശേഷമായിരുന്നു ടെയ്‌ലറുടെ തകര്‍പ്പന്‍ പ്രകടനം. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനൊപ്പമെത്തി(2-2).