ജോഹന്നാസ് ബര്‍ഗ്: ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടീമിന് കിട്ടുന്ന തിരിച്ചടിക്ക് പരിധിയില്ല. ഐപിഎല്ലില്‍ അവരുടെ സ്റ്റാര്‍ താരങ്ങള്‍ വിരാട് കോഹ്ലിയ്ക്കും കെഎല്‍ രാഹുലിനും പിന്നാലെ അവരുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലേഴ്‌സിനും പരിക്ക്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഡിവില്ലേഴ്‌സിന് പരിക്കേറ്റത്.
ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്ത പുറംവേദന കാരണം മൊമെന്റം വണ്‍ഡേ കപ്പ് ഫൈനലില്‍ നിന്നും താരം പുറത്തായി.
അതെസമയം ഡിവില്ലേഴ്‌സിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. അദ്ദേഹം ഐപിഎല്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യം ഇതുവരെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചിട്ടുമില്ല.
നേരത്തെ കോഹ്ലിയുടെ അഭാവത്തില്‍ എബി ഡിവില്ലേഴ്‌സിനെയാണ് ബംഗളൂരു ടീം നായകനായി നിശ്ചയിച്ചത്. ഇതോടെ ഡിവില്ലേഴ്‌സിന് പരിക്കേറ്റു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ബംഗളൂരു ക്യാമ്പ് ശ്രവിക്കുന്നത്. ഏപ്രില്‍ ഏഞ്ചിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബംഗളൂരു ടീം സണ്‍റൈസസിനെ നേരിടാന്‍ ഒരുങ്ങുകയാണ്.
