രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ്ങാണ് മുംബൈയെ തോല്‍പ്പിച്ചത്.

ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മൂന്നാം ജയം. അവരുടെ എട്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 14 റണ്‍സിനാണ് ബാംഗ്ലൂര്‍ തോല്‍പ്പിച്ചത്. ഇതോടെ മുംബൈ ഇന്ത്യന്‍സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറാനും ബാംഗ്ലൂരിനായി. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ്ങാണ് മുംബൈയെ തോല്‍പ്പിച്ചത്. 50 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാംഗ്ലൂരിനെ ബാറ്റിങ്ങിന് ക്ഷണിച്ചു. 168 റണ്‍സിന്റെ വിജലക്ഷ്യമാണ് ബാംഗ്ലൂര്‍ മുന്നില്‍ വച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയര്‍ 167 റണ്‍സെടുത്തത്. ഓപ്പണര്‍ മനന്‍ വോഹ്‌റ (45)യാണ് ടോപ് സ്‌കോറര്‍. ബ്രണ്ടന്‍ മക്കല്ലം (37), വിരാട് കോഹ്ലി (32), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മുംബൈയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. 

നേരത്തെ ഇരു ടീമുകളും ഓരോ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. മുംബൈ നിരയില്‍ കൈക്കുഴയ്ക്ക് പരുക്കേറ്റ ഇവിന്‍ ല്യൂസ് പുറത്തിരുന്നു. പകരം പൊള്ളാര്‍ഡ് ടീമില്‍ ഇടം നേടി. ബാംഗ്ലൂര്‍ നിരയില്‍ മുരുകന്‍ അശ്വിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ തിരിച്ചെത്തി. പനിയില്‍ നിന്ന് പൂര്‍ണമായും മോചിതനല്ലാത്തതിനാല്‍ ഡി വില്ലിയേഴ്‌സ് ഇന്നും പുറത്തിരുന്നു. 

ഇവര്‍ തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 46 റണ്‍സിന്റെ അനായാസ വിജയം നേടിയിരുന്നു. ചിന്നസ്വാമിയില്‍ നടന്ന അവസാന രണ്ട് മത്സരത്തിലും ഹോം ടീം തോറ്റിരുന്നു.