ചക്കിട്ടപ്പാറ സ്റ്റേഡിയം ആര്‍എസ്എസിന് നല്‍കിയ വിവാദം, കായിക താരങ്ങളുടെ പരിശീലനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പഞ്ചായത്തിന്‍റെ ഉത്തരവ് വഞ്ചനയെന്ന് കായിക താരങ്ങള്‍.

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ ഗ്രാമീണ്‍ സ്പോര്‍ട്സ് അക്കാദമിയിലെ കായിക താരങ്ങളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. സ്റ്റേഡിയം ആര്‍എസ്എസിന് പരിപാടിക്കായി നല്‍കിയില്ലെന്നും കായികതാരങ്ങള്‍ക്ക് പരിശീലനം നടത്താമെന്നും പഞ്ചായത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കായികതാരങ്ങള്‍ പരിശീലനത്തിന് എത്തിയത്.

രാവിലെ പതിവ് സമയം പരിശീലനത്തിന് എത്തിയ ഗ്രാമീണ്‍ സ്പോര്‍ട്സ് അക്കാദമിയിലെ കായിക താരങ്ങളേയും പരിശീലകനെയുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. രാവിലെ പരിശീലനത്തിന് അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. പഞ്ചായത്തിന്‍റെ ഉത്തരവില്‍ രാവിലെ പരിശീലന സമയം രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. ഉത്തരവില്‍ പഞ്ചായത്ത് വൈകിട്ടത്തെ പരിശീലന സമയം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കള്ളക്കളിയാണെന്ന് ഗ്രാമീണ്‍ സ്പോര്‍ട്സ് അക്കാദമി ആരോപിച്ചു.

ദേശീയമീറ്റുകള്‍ക്കും സംസ്ഥാനമീറ്റുകള്‍ക്കും തയ്യാറെടുക്കുന്നവര്‍ ഉള്‍പ്പടെ പല താരങ്ങളും ഈ സ്റ്റേഡിയത്തെയാണ് പരിശീലനത്തിനായി ആശ്രയിക്കുന്നത്. ആര്‍എസ്എസ് പരിപാടിക്കായി നിരവധി ശുചിമുറികള്‍ ഇവിടെ ഉണ്ടാക്കി. എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവിട്ട് നവീകരിച്ച സ്റ്റേഡിയം കായികേതര ആവശ്യങ്ങള്‍ക്കായി നല്‍കി തകര്‍ക്കരുതെന്നാണ് കായിക പ്രേമികളുടെ ആവശ്യം.