സെഞ്ചൂറിയന്‍: ഇന്ത്യന്‍ മുന്‍നിര തകര്‍ന്നുവീണ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 188 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും(79) എംഎസ് ധോണിയുടെയും(52) കരുത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ജൂനിയര്‍ ഡലാ രണ്ടും ഡുമിനിയും ഫെലൂക്വായോയും ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയെ കാത്തിരുന്നത് വന്‍ ദുരന്തമായിരുന്നു. രണ്ടാം ഓവര്‍ എറിയാനെത്തിയ ഡലാ ആദ്യ പന്തില്‍ തന്നെ ഹിറ്റ്മാനെ എല്‍ബിഡബ്ലുവില്‍ കുടുക്കിയതോടെ അക്കൗണ്ട് തുറക്കും മുമ്പ് ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമായി. എന്നാല്‍ കലിപ്പ് തീര്‍ത്ത് ധവാനും മൂന്നാമനായെത്തിയ റെയ്നയും അടിച്ചുതകര്‍ത്ത് മുന്നേറി. അഞ്ചാം ഓവറില്‍ നായകന്‍ ഡുമിനി രണ്ടാം പന്തില്‍ ധവാനെ(24) ബെഹാര്‍ഡീന്‍റെ കയ്യിലെത്തിച്ചു.
ആറാം ഓവറിലെ മൂന്നാം പന്തില്‍ റണ്‍മെഷീന്‍ കോലിയെ(1) കൂടി ഡലാ മടക്കിയതോടെ ഇന്ത്യ 45-3. ഇതോടെ ആദ്യ ഓവറുകളില്‍ ദക്ഷിണാഫ്രിക്ക പിടിമുറുക്കി. അപകടം മണത്ത റെയ്ന- പാണ്ഡെ സഖ്യം കരുതലോടെ സ്കോറുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ 30 റണ്‍സെടുത്ത റെയ്നയെ പേസര്‍ ഫെലൂക്വായോ പുറത്താക്കിയതോടെ 10.4 ഓവറില്‍ ഇന്ത്യ നാലിന് 90 റണ്‍സെന്ന നിലയില്‍ വീണ്ടും ഇന്ത്യ തകര്‍ച്ചയുടെ വക്കിലായി.
പിന്നീട് കണ്ടത് തലങ്ങുംവിലങ്ങും ബൗളര്‍മാരെ ശിക്ഷിക്കുന്ന മനീഷ് പാണ്ഡെയെ. ഫെലൂക്വായോയുടെ 15-ാം ഓവറിലെ അവസാന പന്തില്‍ സിംഗിളെടുത്ത് പാണ്ഡെ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പാണ്ഡെയ്ക്കൊപ്പം എംഎസ് ധോണി കൂടി ചേര്‍ന്നതോടെ അവസാന ഓവറുകളില്‍ സിക്സുകളും ബൗണ്ടറികള്‍ പിറന്നു. ഇന്നിംഗ്സ് തീരാന്‍ ഒരു പന്ത് ബാക്കി നില്‍ക്കേ ധോണി അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്ന് ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
