രഞ്ജി ട്രോഫിയില്‍ ദില്ലിക്കെതിരെ സ്വന്തം ഗ്രൗണ്ടില്‍  കളിക്കുന്നത് കേരളത്തിന് നേട്ടമാകുമെന്ന് നായകന്‍ സച്ചിന്‍ ബേബി. മോശം ഫോമിന് ഒടുവില്‍ മികച്ച പ്രകടനം നടത്തിയതില്‍ സന്തോഷമുണ്ടെന്ന് സഞ്ജു സാംസണ്‍.

ചെന്നൈ: രഞ്ജി ട്രോഫിയില്‍ ദില്ലിക്കെതിരെ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നത് കേരളത്തിന് നേട്ടമാകുമെന്ന് നായകന്‍ സച്ചിന്‍ ബേബി. മോശം ഫോമിന് ഒടുവില്‍ മികച്ച പ്രകടനം നടത്തിയതില്‍ സന്തോഷമുണ്ടെന്ന് സഞ്ജു സാംസണ്‍. തമിഴ്‌നാടിനെതിരായ തോല്‍വിക്ക് സംസാരിക്കുകയായിരുന്നു ഇരുവരും.

സച്ചിന്‍ ബേബി തുടര്‍ന്നു.. നാലാം ദിവസം കേരളത്തിന് സാധ്യതയുണ്ടായിരുന്നു. എന്നാല്‍ പെട്ടന്നുള്ള തകര്‍ച്ചയാണ് കേരളത്തിന്റെ തോല്‍വിക്ക് കാരണമായത്. സഞ്ജു- സിജോ മോന്‍ കൂട്ടുക്കെട്ട് കേരളത്തിന് മികച്ച കൂട്ടുക്കെട്ടുണ്ടാക്കി. പക്ഷേ നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ക്ക് നമുക്ക് അനുകൂലമായില്ലെന്നും സച്ചിന്‍ ബേബി.

കേരളത്തിന് ഇനിയും നോക്കൗട്ട് സാധ്യതയുണ്ടെന്നും സച്ചിന്‍ ബേബി. മൂന്ന് മാച്ചുകളാണ് ഇനിയുള്ളത്. രണ്ട് എവേ മാച്ചുകളും ഒരു ഹോം മാച്ചും. അതുകൊണ്ട് തന്നെ ഇനിയും സാധ്യതകളുണ്ട്. കഴിഞ്ഞ വര്‍ഷവും നമ്മള്‍ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു. എങ്കിലും നോക്കൗട്ടിലേക്ക് യോഗ്യത നേടാനായി. അതുപോലെ രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ നോക്കൗട്ടിന് യോഗ്യത നേടാന്‍ നല്ല സാധ്യതയുണ്ടെന്നും സച്ചിന്‍ ബേബി. 

ചേസ് ചെയ്യാന്‍ തന്നെയായിരുന്നു തീരുമാനമെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. നമ്മുടെ ബാറ്റിങ് ശക്തിവച്ച് മറിക്കടക്കാനുള്ള ലീഡേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളു. ആദ്യ സെഷനില്‍ 120 റണ്‍സായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ടാം സെഷനില്‍ അവര്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞു. മത്രമല്ല, തുടര്‍ച്ചയായി നാല് വിക്കറ്റുകളും നഷ്ടമായി. അതോടെ മത്സരം സംരക്ഷിച്ച് നിര്‍ത്തുക എന്നായി ചിന്ത. അടുത്ത ഡല്‍ഹിയുമായിട്ട് എത്ര ആത്മവിശ്വാസത്തോടെ കളിക്കുന്നുവോ അതിലായിരിക്കും പ്രതീക്ഷ. മികച്ച ഇന്നിങ്‌സ് കളിക്കാനായത് എന്റെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ടീമിനെ വിജയിപ്പിക്കുകയായിരുന്നു ലക്ഷ്യം. അത് നടന്നില്ല, അടുത്ത മത്സരത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ കഴിയുന്ന ഒരു ഇന്നിങ്‌സ് പുറത്തെടുക്കുകയാണ് ലക്ഷ്യമെന്നും സഞ്ജു പറഞ്ഞു.