ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര അടിയറ വെച്ചെങ്കിലും ഇന്ത്യൻ ടീം നായകൻ വിരാട് കോലിയ്‌ക്ക് അഭിനന്ദനവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ ടെൻഡുൽക്കര്‍. ഐസിസി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കുകയും ഐസിസി റാങ്കിംഗിൽ റേറ്റിങ് പോയിന്റ് 900 തികച്ചതിനും പിന്നാലെയാണ് സച്ചിൻ കോലിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഒട്ടും അത്ഭുതപ്പെടുത്തുന്നതല്ല കോലിയുടെ നേട്ടങ്ങള്‍, നിങ്ങള്‍ അര്‍ഹിക്കപ്പെട്ടതാണ്, ഒരുപാട് അഭിനന്ദനങ്ങള്‍ എന്നാണ് സച്ചിൻ ഇതേക്കുറിച്ച് ട്വിറ്ററിൽ എഴുതിയത്. കഴിഞ്ഞ സീസണിൽ എട്ടു സെഞ്ച്വറി ഉള്‍പ്പടെ 2203 റണ്‍സാണ് കോലി അടിച്ചെടുത്തത്. 77.80 ആയിരുന്നു ഇന്ത്യൻ നായകന്റെ ശരാശരി. നാലു പുരസ്ക്കാരങ്ങളാണ് കോലി സ്വന്തമാക്കിയത്. മികച്ച താരം, മികച്ച ഏകദിനതാരം, ഏകദിന ക്യാപ്റ്റൻ, ടെസ്റ്റ് ക്യാപ്റ്റൻ എന്നിവയാണ് കോലി നേടിയ പുരസ്‌ക്കാരങ്ങള്‍. സുനിൽ ഗാവസ്‌ക്കറിന് ശേഷം ഐസിസി റാങ്കിംഗിൽ 900 റേറ്റിങ് പോയിന്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമായി കോലി മാറി. സച്ചിന് പോലും ഈ നേട്ടം കൈവരിക്കാനായില്ല.