ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ ടീമിലുള്ള ഉടമസ്ഥാവകാശം, കായിക പ്രേമികള്‍ വലിയ ഉത്സവമാക്കി മാറ്റി. സച്ചിന്‍റെ ടീമെന്ന ഖ്യാതി ഐഎസ്എല്ലില്‍ മറ്റ് ടീമുകളേക്കാള്‍ ബ്ലാസ്റ്റേഴ്സിനെ ആരാധക പ്രീതിയില്‍ വളരെ മുന്നിലെത്തിച്ചു
കൊച്ചി: കേരളത്തിന്‍റെ ഫുട്ബോള്‍ തുടിപ്പുകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കിയതില്‍ ഐഎസ്എല്ലിനും കേരള ബ്ലാസ്റ്റേഴ്സിനും വലിയ പങ്കാണുള്ളത്. മഞ്ഞപ്പടയെ കേരളം നെഞ്ചേറ്റാന്‍ ഫുട്ബോളിന് പുറമെ മറ്റൊരു കാരണം കൂടെയുണ്ടായിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ ടീമിലുള്ള ഉടമസ്ഥാവകാശം, കായിക പ്രേമികകള്‍ വലിയ ഉത്സവമാക്കി മാറ്റി.
സച്ചിന്‍റെ ടീമെന്ന ഖ്യാതി ഐഎസ്എല്ലില്‍ മറ്റ് ടീമുകളേക്കാള്‍ ബ്ലാസ്റ്റേഴ്സിനെ ആരാധക പ്രീതിയില്‍ വളരെ മുന്നിലെത്തിച്ചു. എന്നാല്‍, ഐഎസ്എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കേ കേരള ബ്ലാസ്റ്റേഴ്സും സച്ചിനും വഴി പിരിഞ്ഞിരിക്കുകയാണ്.
എന്നാല്‍ ടീമിന്‍റെ ഉടമസ്ഥാവകാശം മലയാളി വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഏറ്റെടുത്തുവെന്ന് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. 2014ല്‍ ഐഎസ്എലിന്‍റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്‍ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്.
2015ല്‍ പോട്ടലുരിയുടെ പിവിപി വെന്‍ച്വേഴ്സ് ബ്ലാസ്റ്റേഴ്സിന്‍റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, നിര്‍മാതാവ് അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്സിന്‍റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്.
പിന്നീട് ദക്ഷിണേന്ത്യന്‍ സംഘം 80 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു. ഈമാസം 29ന് എടികെയ്ക്ക് എതിരെയാണ് അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം.സച്ചിന്‍റെ സാന്നിധ്യം നഷ്ടമായെങ്കിലും ടീമിന് ഏറെ ഗുണകരമാകുന്ന മാറ്റമാണ് ഇതെന്ന വിലയിരുത്തലാണ് പൊതുവിലുണ്ടാകുന്നത്.
