മുംബൈ: കാറില്‍ പോകവെ സെല്‍ഫി എടുക്കാനായി എത്തിയ യുവ ആരാധകരോട് സച്ചിന്‍ ആവശ്യപ്പെട്ടത് ഒരു ഉറപ്പ് മാത്രം. സച്ചിന്‍ കാറില്‍ പോകവെ ബൈക്കിലെത്തി കാറിന്റെ ജനലിലൂടെ സെല്‍ഫിക്കായി ഫോണ്‍ നീട്ടിയ ആരാധകരോട് സച്ചിന്‍ ആദ്യം പറഞ്ഞത് ഹെല്‍മറ്റ് ധരിച്ച് വണ്ടി ഓടിക്കാനായിരുന്നു. അത് ഉറപ്പ് തന്നശേഷം സെല്‍ഫി എടുത്തോളാനും സച്ചിന്‍ പറഞ്ഞു. ഇത് അപകടകരമാണ്.

ആദ്യം നിങ്ങള്‍ ഇത് ഉറപ്പ് നല്‍കൂ, ഹെല്‍മെറ്റ് ധരിക്കൂമെന്ന്, ജീവിതം അമൂല്യമാണ്. അതുകൊണ്ട് ഹെല്‍മറ്റ് ധകിക്കുമെന്ന് 100 ശതമാനം ഉറപ്പ് നല്‍കൂ, എന്നിട്ട് സെല്‍ഫി എടുക്കൂ എന്നായിരുന്നു സച്ചിന്റെ മറുപടി. സച്ചിന്റെ ഉപദേശം അനുസരിക്കാമെന്ന് ആരാധകര്‍ തലകുലുക്കി സമ്മതിക്കുകയും ചെയ്തു. ആരാധകരുടെ സെല്‍ഫിക്കുശേഷം കാര്‍ മുന്നോട്ട് പോകവെ വീണ്ടുമൊരാള്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിക്കുന്നത് കണ്ട സച്ചിന്‍ ഹെല്‍മറ്റ് ധരിക്കൂ സഹോദരാ എന്ന് കാറിലിരുന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

സമീപത്തുകൂടെ കടന്നുപോയ വാഹനങ്ങളിലുള്ളവരെയെല്ലാം അഭിവാദ്യം ചെയ്താണ് സച്ചിന്‍ വാഹനത്തില്‍ കടന്നുപോയത്. സഹയാത്രകന്‍ പകര്‍ത്തിയ വീഡിയോ സച്ചിന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. 'ഹെല്‍മെറ്റ് ധരിക്കൂ. റോഡ് സുരക്ഷായുടെ കാര്യത്തില്‍ എല്ലാവരും മുന്തിയ പരിഗണന നല്‍കണം. ദയവായി ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കരുത്. എന്ന അടിക്കുറുപ്പോടെയാണ് സച്ചിന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.