ഡര്‍ബന്‍: ആധികാരിക വിജയം നേടാന്‍ ഇന്ത്യയെ തുണച്ചത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഉജ്ജ്വല സെഞ്ചുറിയും അജിങ്ക്യാ രഹാനെയുടെ അര്‍ധ സെഞ്ചുറിയുമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ചത്. കോലിയുടെ സെഞ്ചുറിയും രഹാനെയുടെ അര്‍ധസെഞ്ചുറിയും വിജയം എളുപ്പമാക്കി. എന്നാല്‍ ഇവരുടെ കൂട്ടുകെട്ട് മാത്രമല്ല ബൗളിംഗില്‍ കുല്‍ദീപ് യാദവ്-യുസ്‌വേന്ദ്ര ചാഹല്‍ കൂട്ടുകെട്ടിനും ഈ വിജയത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തു.
രണ്ട് നിര്‍ണായക കൂട്ടുകെട്ടുകളാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയതെന്ന് സച്ചിന്‍ വ്യക്തമാക്കി. ആദ്യ ചാഹലും-കുല്‍ദീപും തമ്മിലുള്ള കൂട്ടുകെട്ട്. പിന്നീട് കോലി-രഹാനെ കൂട്ടുകെട്ട്. ഈ വിജയാവേശം ടീം തുടരണമെന്നും സച്ചിന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ വരിഞ്ഞുമുറുക്കിയത് കുല്‍ദീപ്-ചാഹല്‍ ബൗളിംഗ് കൂട്ടുകെട്ടായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബോൾ ചെയ്യാനിറങ്ങിയ ഇന്ത്യൻ പേസർമാർ വേഗം കുറഞ്ഞ കിങ്സ്മീഡ് പിച്ചിൽ നിറംകെട്ടിരുന്നു. പേസ് ബോളർമാർക്ക് സ്വർഗം തീർക്കുന്ന ദക്ഷിണാഫ്രിക്കയിലെ പിച്ചിൽ ബുമ്രയും ഭുവനേശ്വറും ഹാർദിക് പാണ്ഡ്യയും കൂടി വിട്ടുകൊടുത്തത് 168 റൺസ്. അതിവേഗക്കാരനായ ബുമ്രയ്ക്കു പോലും പിച്ചിൽ നിന്നു വേഗം കണ്ടെത്താൻ കഴിയാതെവന്നതോടെ ഉത്തരവാദിത്തം മുഴുവൻ സ്പിന്നർമാരുടെ തോളിലായി. എന്നാല്‍ കുല്‍ദീപും-ചാഹലും ചേര്‍ന്ന് എറിഞ്ഞ 20 ഓവറുകളിൽ ആകെ പിറന്നതു രണ്ടു ഫോറുകളും രണ്ടു സിക്സറുകളും ഉൾപ്പെടെ 79 റൺസ് മാത്രം. അഞ്ചു വിക്കറ്റും ഇരുവരും കൂടി സ്വന്തമാക്കി. ഇതാണ് ദക്ഷിണാഫ്രിക്കയെ 269 റണ്‍സില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായകമായത്.
