എബിഡിയോടുള്ള സ്‌നേഹം വ്യക്തമാക്കി സച്ചിന്‍
മുംബൈ: ദക്ഷിണാഫ്രിക്കന് ബാറ്റിംഗ് വിസ്മയം എബി ഡിവില്ലിയേഴ്സിന്റെ അപ്രതീക്ഷിത വിരമിക്കല് പ്രഖ്യാപനത്തിന്റെ ആഘാതത്തിലാണ് ക്രിക്കറ്റ് ലോകം. സമകാലിക ക്രിക്കറ്റിലെ ജീനിയസ് എന്ന് പേരെടുത്തിട്ടും 34-ാം വയസില് ക്രീസിനോട് വിടപറയാന് എബിഡി തീരുമാനിക്കുകയായിരുന്നു. എന്നാല് 21-ാം നൂറ്റാണ്ടിനെ ത്രസിപ്പിച്ച ബാറ്റിംഗ് പ്രതിഭയ്ക്ക് നന്ദിയറിക്കാനും ആശംസകളറിയിക്കാനും മത്സരിക്കുകയാണ് ആരാധകര്.
ലോകമെമ്പാടുനിന്നുള്ള ആശംസാപ്രവാഹങ്ങള്ക്കിടെ മാസ്റ്റര് ബ്ലാസ്റ്റര് സച്ചിന് ടെന്ഡുള്ക്കറുടെ ആശംസയും എബിഡിയെ തേടിയെത്തി. എബിഡിയോടുള്ള മാസ്റ്റര് ബ്ലാസ്റ്ററുടെ ഇഷ്ടം വ്യക്തമാക്കുന്നതായി ഈ ട്വീറ്റ്. 'മൈതാനത്തെ എബിഡിയുടെ കളി വളരെയധികം ഇഷ്ടപ്പെടുന്നു. ഫീല്ഡില് '360 ഡിഗ്രി' വിജയം നേടാനും കഴിഞ്ഞിട്ടുണ്ടാകും. താങ്കളെ മിസ് ചെയ്യുമെന്നുറപ്പ്. എല്ലാ ആശംസകളും നേരുന്നു'- ട്വിറ്ററില് സച്ചിന് ടെന്ഡുള്ക്കര് കുറിച്ചു.
ക്രിക്കറ്റിലെ ഓള്റൗണ്ട് പ്രകടനവും നാലുപാടും പന്ത് പായിക്കാനുള്ള കഴിവും കൊണ്ട് 'മിസ്റ്റര് 360' എന്നാണ് എബിഡി അറിയപ്പെട്ടിരുന്നത്. 14 വര്ഷത്തെ അന്താരാഷ്ട്ര കരിയറിനൊടുവില് അപ്രതീക്ഷിതമായി എബിഡി ബുധനാഴ്ച്ച വിരമിക്കല് പ്രഖ്യാപിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുകളില് 22 സെഞ്ചുറികളടക്കം 8765 റണ്സും, 228 ഏകദിനങ്ങളില് 25 സെഞ്ചുറികളുള്പ്പെടെ 9577 റണ്സും നേടിയിട്ടുണ്ട്.
