കലൂര്‍ സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്ബോള്‍ ടര്‍ഫ് നശിപ്പിക്കരുതെന്ന് സച്ചിന്‍  ഏകദിനം തിരുവനന്തപുരത്ത് നടത്തി കെസിഎ ഫുട്ബോളുമായി സഹകരിക്കണമെന്നും സച്ചിന്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്ബോള്‍ ടര്‍ഫ് നശിപ്പിക്കരുതെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഏകദിനം തിരുവനന്തപുരത്ത് നടത്തി കെസിഎ ഫുട്ബോളുമായി സഹകരിക്കണമെന്ന് സച്ചിന് അഭിപ്രായപ്പെട്ടു‍. ക്രിക്കറ്റിന്‍റെയും ഫുട്ബോളിന്‍റെയും ആരാധകരെ നിരാശരാക്കരുതെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

കൊച്ചി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ പ്രതിഷേധം പുകയുകയാണ്. ക്രിക്കറ്റിനായി ഗ്രൗണ്ടില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഐഎസ്എല്‍ മത്സരങ്ങള്‍ ഇവിടെ നടത്തുന്നതിന് തടസമാകും എന്നതാണ് പ്രധാന പരാതി. എന്നാല്‍ മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ തടയാന്‍ ആവില്ല എന്നതാണ് കേരള ഫുട്ബോള്‍ അസോസിയേഷന്റെ നിലപാട്. നവംബറിൽ നടക്കാനിരിക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനം കൊച്ചിയിൽ നടത്താനാണ് കേരള ക്രിക്കറ്റ് അസോസിയേഷിന്‍റെ തീരുമാനം.

കലൂർ സ്റ്റേഡിയത്തിന്‍റെ ചുമതലക്കാരായ ജിസിഡിഎയുമായി ചർച്ച നടത്തിയ ശേഷമായാരുന്നു തിരുമാനം. നിലവില്‍ സ്റ്റേഡിയം പരിപാലിക്കുന്നത് കെസിഎ ആണ്. ഇതിനിടെയാണ് കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടത്താനുള്ള തീരുമാനത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാൻ ഹ്യൂമും സികെ വിനീതും രംഗത്തെത്തിയത്. 

ക്രിക്കറ്റ് സ്റ്റേഡിയമായ കൊൽക്കത്തിയിലെ ഈഡൻ ഗാർഡൻ ഒരുദിവസത്തേക്ക് ഫുട്ബോളിന് വിട്ടു നൽകുമോയെന്നും താരങ്ങൾ ചോദിക്കുന്നു. തിരുവനന്തപുരത്തുനിന്ന് ഏകദിന വേദി മാറ്റാനുള്ള തീരുമാനത്തിനെതിരെ ശശി തരൂർ എംപിയും രംഗത്തെത്തി. വേദി മാറ്റാനുള്ള കെ സി എ തീരുമാനം സംശയാസ്പദമാണെന്നും ഇക്കാര്യത്തിൽ ബിസിസിഐ ഇടപെടണമെന്ന് ബോർഡിന്‍റെ താൽക്കാലിക അധ്യക്ഷൻ വിനോദ് റായിയോട് ആവശ്യപ്പെട്ടുവെന്നും ശശി തരൂർ പറഞ്ഞു.