ദില്ലി: സപിൻ ബൗളിങിനെ നേരിടുന്നതിൽ ചില ഓസ്​ട്രേലിയൻ ബാറ്റ്​സ്​മാൻമാർ ബുദ്ധിമുട്ടുന്നുവെന്ന് ഇന്ത്യൻ ഒാപ്പണർ അജിങ്ക്യ രഹാനെ. യുസ്​വേന്ദ്ര ചഹാലും കുൽദീപ്​ യാദവും ഇന്ത്യൻ ടീമി​ന്‍റെ മികച്ച സൂചനകളാണ്​. ഇരുവരും മികച്ച നിലവാരം പുലർത്തുന്ന സ്​പിന്നർമാരാണ്​. മധ്യഒാവറുകളിൽ വിക്കറ്റ്​ എടുക്കുന്നത്​ മാത്രമല്ല, റൺസ്​ വിട്ടുകൊടുക്കാത്തതും ഇരുവരുടെയും മികവാണ്​. ഇരുവരും ദിവസം ചെല്ലുന്തോറും മെച്ചപ്പെടുന്ന താരങ്ങളാണെന്നും രഹാനെ പറഞ്ഞു​. 

ഭാവിയെക്കുറിച്ച്​ ഞാൻ ചിന്തിക്കുന്നില്ല. സ്വതസിദ്ധമായ കളിയിലേക്ക്​ മടങ്ങി മികച്ച പ്രകടനം നടത്തുക എന്നതിനാണ്​ ഇപ്പോൾ ​ശ്രദ്ധ നൽകുന്നത്​. എപ്പോഴും സെഞ്ച്വറി അടിക്കുന്നതിനെക്കുറിച്ച്​ ചിന്തിക്കരുത്​. നിർണായകമായ 45-50 റൺസുകളും തുല്യപ്രാധാന്യമുള്ളതാണ്​. പിഴവുകൾ ആവർത്തിക്കാതിരിക്കാനാണ്​ ശ്രമിക്കുന്നതെന്നും രഹാനെ പറഞ്ഞു. ആസ്​​ട്രേലിയക്കെതിരെ ഞായറാഴ്​ച നടക്കുന്ന മൂന്നാം ഏകദിനത്തിന്​ മുന്നോടിയായി മാധ്യമളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസ്​റ്റർബ്ലാസ്​റ്റർ സച്ചി​ൻ ടെൻഡുൽക്കർ നെറ്റ്​ പ്രാക്​ടീസിങിനിടെ നൽകിയ ഉപദേശങ്ങളെ കുറിച്ചും രഹാനെ തുറന്നുപറഞ്ഞു. നാല്​ ദിവസം മുമ്പ്​ സച്ചിൻ നെറ്റ്​ സെഷനിൽ ഉണ്ടായിരുന്നു. സ്വതസിദ്ധമായ ഗെയിമിലേക്ക്​ മടങ്ങാൻ അദ്ദേഹം എന്നോട്​ പറഞ്ഞു. നല്ല മാനസികാവസ്​ഥയോടെയുള്ള തയാറെടുക്കാനും സച്ചിൻ പറഞ്ഞു. മാനസികമായ ഒരുക്കത്തെക്കുറിച്ചും എങ്ങനെ മാനസികമായി ശക്​തനായി നിൽക്കാമെന്നും സച്ചിൻ സംസാരിച്ചതായും രഹാനെ വെളിപ്പെടുത്തി. സച്ചി​ന്‍റെ സംസാരത്തിലൂടെ ഒരുപാട്​ ആത്മവിശ്വാസം ലഭിച്ചതായും താരം പറഞ്ഞു.

ഞായറാഴ്​ച ഇൻഡോറിലാണ്​ മൂന്നാം ഏകദിനം. മാച്ചിൽ ആത്മവിശ്വാസത്തോടെയാണ്​ ടീം ഇറങ്ങുന്നതെന്ന്​ രഹാ​നെ പറഞ്ഞു. ശിഖർ ധവാ​ന്‍റെ അഭാവത്തിലാണ്​ രഹാനെ രോഹിത്​ ശർമക്കൊപ്പം ഇന്ത്യൻ ഇന്നിങ്​സ്​ ഒാപ്പണിങിനായി നിയോഗിക്കപ്പെട്ടത്​.