മുംബൈ: ഇന്ത്യ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോനിയുടെ ജീവിതകഥ പറയുന്ന എംഎസ് ധോനി, ദ് അണ്‍ടോള്‍ഡ് സ്റ്റോറി ബോളിവുഡില്‍ തകര്‍ത്തോടുകയാണ്. മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം ഏറ്റവും കുറഞ്ഞ ദിനം കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ മാത്രമാണ് ആദ്യ മൂന്ന് ദിവസത്തെ കലക്ഷന്റെ കാര്യത്തില്‍ ധോനി സിനിമയ്ക്ക് മുന്നിലുള്ളത്. ആദ്യദിനം 66 കോടി കലക്ട് ചെയ്ത ചിത്രം രണ്ടാം ദിനമാകുമ്പോഴേക്ക് 75 കോടിയിലെത്തി.

തന്റെ ജീവിതം സിനിമയാക്കിയപ്പോള്‍ നിര്‍മാതാക്കള്‍ പ്രതിഫലമായി ധോനിക്ക് എത്ര രൂപ നല്‍കിയെന്നത് സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും നിരവധി റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സ്വന്തം ജീവിതകഥ പറയുന്ന ചിത്രത്തിന് ധോനി 60 കോടി രൂപ വാങ്ങിയതായി ഡെയ്‌ലി ഭാസ്കര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 20 കോടിയെന്നാണ് മറ്റ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സച്ചിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന് ക്രിക്കറ്റ് ഇതിഹാസം എത്ര കോടി വാങ്ങിയിരിക്കുമെന്ന ചര്‍ച്ച ആരാധകവൃത്തങ്ങളില്‍ സജീവമാകുകയും ചെയ്തു.
എന്നാല്‍ സ്വന്തം ജീവിതകഥ പറയുന്ന സിനിമയ്ക്ക് സച്ചിന്‍ പ്രതിഫലമൊന്നും വാങ്ങുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സച്ചിന്റെ സുഹൃത്തായ രവി ഭാഗ്ചന്ദ്ക ആണ് ചിത്രം നിര്‍മിക്കുന്നത്. സുശാന്ത് സിംഗ് രജ്പുത്താണ് സിനിമയില്‍ ധോനിയായതെങ്കില്‍ സച്ചിന്‍ തന്നെയാണ് സിനിമയിലും സച്ചിനാവുന്നത്. മറ്റൊരു രസകരമായ വസ്തുത സിനിമയില്‍ സച്ചിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറാണ്. സച്ചിന്‍ തന്നെയാണ് തന്റെ കുട്ടിക്കാലം അവതരിപ്പിക്കാനായി മകനെ നിര്‍ദേശിച്ചത്. ചിത്രത്തിന്റെ ടീസര്‍ ഈ വര്‍ഷം ഏപ്രിലില്‍ പുറത്തുവിട്ടിരുന്നു. സച്ചിനെക്കുറിച്ചുള്ള സിനിമയുടെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ജെയിംസ് എര്‍സ്കൈന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
