മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലെ ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തെ അട്ടിമറിയെന്ന് വിശേഷിപ്പിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ ബംഗ്ലാദേശ് ആരാധകര്‍. ബംഗ്ലാദേശിന്റെ വിജയത്തെ അഭിനന്ദിച്ചുകൊണ്ടുളള ട്വിറ്റര്‍ പോസ്റ്റിലാണ് സച്ചിന്‍ വിജയത്തെ അട്ടിമറിയെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ തങ്ങളുടെ ടീമിന്‍റെ മികച്ച വിജയത്തെ അട്ടിമറിയാക്കി തരംതാഴ്ത്തിയതിനെതിരെ ബംഗ്ലാ ആരാധകര്‍ രംഗത്ത് എത്തുകയായിരുന്നു. 

ബംഗ്ലാദേശ് ഇപ്പോള്‍ ഒരു പരല്‍മീനല്ലെന്നും ആരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുളളവരാണെന്നും അടക്കം നിരവധി പ്രതികരണങ്ങളാണ് സച്ചിന് ട്വിറ്ററിലൂടെ ബംഗ്ലാ ആരാധകര്‍ നല്‍കുന്നത്. ഇന്നലെ ധാക്കയില്‍ നടന്ന ഓസീസിനെതിരെയുളള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ചരിത്രവിജയം.