ദില്ലി: ക്രിക്കറ്റിലെന്നപോലെ ട്വിറ്ററിലും സെവാഗിപ്പോള്‍ സൂപ്പര്‍താരമാണ്. ട്വിറ്ററില്‍ സെവാഗ് നടത്തുന്ന പല ട്വീറ്റുകളും സെവാഗിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സുകള്‍ പോലെതന്നെ സൂപ്പര്‍ ഹിറ്റാണ്. എന്നാല്‍ ട്വീറ്റുകള്‍കൊണ്ട് പിയേഴ്സ് മോര്‍ഗനെന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനെപ്പോലും നാണം കെടുത്തിയ സെവാഗിന് കഴിഞ്ഞ ദിവസം ഒരു പണി കിട്ടി. മറ്റാരുമല്ല പണികൊടുത്തത്. സെവാഗിന്റെ ആരാധ്യപുരുഷനായ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ.
ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ടീം ഒന്നാം റാങ്കിലെത്തിയതിനെ അഭിനന്ദിച്ച് സച്ചിന്‍ ചെയ്ത ട്വീറ്റാണ് തുടക്കം. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയതില്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിക്കുന്നുവെന്നായിരുന്നു സച്ചിന്റെ ആദ്യ ട്വീറ്റ്.
ഇതിന് സെവാഗ് മറുപടി നല്‍കി. അല്ലയോ ദൈവമേ, ഇടയ്ക്ക് കമന്റേറ്റര്‍മാരെക്കൂടി ഒന്ന് അഭിനന്ദിച്ചാലും, അവര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്നായിരുന്നു വീരുവിന്റെ മറുപടി.
'ജിയോ മേരെ ലാല...തഥാസ്ഥു' എന്നായിരുന്നു ഇതിന് സച്ചിന്റെ തമാശകലര്‍ന്ന മറുപടി.
എന്നാല്‍ ഈ മറുപടിയ്ക്ക് സെവാഗ് നല്‍കിയത് ഒരു മാസ് മറുപടിയായിരുന്നു. അനുഗ്രഹത്തിലും താങ്കളുടെ ഐപിഎല്‍ ടീം ഉടമകളായ റിലയന്‍സിന്റെ ഉല്‍പ്പന്നം പ്രമോട്ട് ചെയ്യാന്‍ മറക്കില്ലല്ലേ, എന്നായിരുന്നു വീരുവിന്റെ മറുപടി. റിലയന്‍സിന്റെ ഫോര്‍ ജി സേവനമായ ജിയോയെ പരാമര്‍ശിച്ചായിരുന്നു സെവാഗ് മറുപടി നല്‍കിയത്.
എന്നാല്‍ ഇതിന് സച്ചിന്‍ മറുപടി നല്‍കിയതാകട്ടെ ഇങ്ങനെയും. അത് ഓരോരുത്തരുടെയും ചിന്ത പോലിരിക്കും. താങ്കളുടെ ചിന്ത വേറെ, എന്റെ സ്പെല്ലിംഗും വേറെ എന്നായിരുന്നു തമാശയായാണെങ്കിലും കുറിക്കുകൊള്ളുന്ന സച്ചിന്റെ മറുപടി.
