ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയെ മാലി കീഴടക്കിയത്. മാലദ്വീപിന്‍റേത് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ രണ്ടാം കിരീടം. ഇന്ത്യയുടെ അണ്ടര്‍ 23 സംഘത്തിന് നിരാശയോടെ മടക്കം. 

ധാക്ക: സാഫ് കപ്പ് ഫുട്ബോളില്‍ യുവ ഇന്ത്യയെ തകര്‍ത്ത് മാലദ്വീപിന് കിരീടം. ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാലദ്വീപ് ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായ ഇന്ത്യയെ കീഴടക്കിയത്. മാലദ്വീപിനായി ഇബ്രാഹിം മഹൂദി ഹുസൈനും അലി ഫസിറും വലകുലുക്കി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ സുമീത് പാസിയിലൂടെ ഏക ഗോള്‍ മടക്കി ഇന്ത്യ നാണക്കേട് കുറയ്ക്കുകയായിരുന്നു. 

പത്തൊമ്പതാം മിനുറ്റില്‍ ഹസന്‍ നയാസിന്‍റെ പാസില്‍ ബോക്‌സിന് മധ്യത്തില്‍നിന്ന് ഇബ്രാഹിം മഹൂദി ഹുസൈനാണ് ഗോളടിക്ക് തുടക്കമിട്ടത്. ഇന്ത്യയുടെ തിരിച്ചടി ശ്രമങ്ങള്‍ വിഫലമായതോടെ മാലദ്വീപിന് 1-0 ലീഡുമായി മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. രണ്ടാം പകുതിയില്‍ 67-ാം മിനുറ്റില്‍ അലി ഫസറിന്‍റെ വകയായിരുന്നു മാലദ്വീപിന്‍റെ രണ്ടാം പ്രഹരം. ഹമ്‌സാത്ത് മുഹമ്മദിന്‍റെ പാസില്‍ നിന്നായിരുന്നു ഇക്കുറി വല കുലുങ്ങിയത്. എന്നാല്‍ അമിത ഗോളഘോഷത്തിന് അലിക്കെതിരെ റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. 

തൊണ്ണൂറ് മിനുറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ മാലിദ്വീപ് വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ അതിവേഗം കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഇന്ത്യന്‍ യുവ കരുത്ത് കാട്ടി സുമീത് ഗോള്‍ മടക്കിയതോടെ ഫൈനല്‍ വിസില്‍. ഇതോടെ കിരീടം കടല്‍ താണ്ടി ദ്വീപ് നാട്ടിലേക്ക്. സാഫ് കപ്പില്‍ 2008ന് ശേഷം മാലദ്വീപിന്‍റെ ആദ്യ കിരീടമാണിത്. എന്നാല്‍ അണ്ടര്‍ 23 സംഘവുമായി ബംഗ്ലാദേശിലെത്തിയ സ്റ്റീഫൻ കോൺസ്റ്റന്‍റൈന് ചരിത്രം കുറിക്കാനായില്ല. 

Scroll to load tweet…