ക്വാലാലംപൂര്‍: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ സൈന നെഹ്‍വാളിന് കിരീടം. തായ്‍ലൻഡിന്റെ ചോചുവോംഗിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് സൈന കിരീടം സ്വന്തമാക്കിയത്. 22-20, 22-20 എന്ന സ്കോറിനായിരുന്നു സൈനയുടെ ജയം. റിയോ ഒളിംപിക്സിനിടെ പരുക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയ ആയതിന് ശേഷം സൈനയുടെ ആദ്യ കിരീടമാണിത്.

രണ്ട് ഗെയിമുകളിലും മുന്‍ ലോക ഒന്നാം നമ്പറായ സൈനയ്ക്കെതിരെ ചോചുവോംഗ് കടുത്ത പോരാട്ടം കാഴ്ചവെച്ചതിനുശേഷമാണ് കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 19-19 തുല്യതപാലിച്ചശേഷമാണ് സൈന ഗെയിം സ്വന്തമാക്കിയത്.

രണ്ടാം ഗെയിമിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കണ്ടത്. ചോചുവോംഗ് 3-0ന് ലീഡെടുത്തെങ്കിലും സൈന ശക്തമായി തിരിച്ചുവന്നു. 8-8 തുല്യത പാലിച്ചശേഷം 20-17 ലീഡെടുത്ത സൈനയ്ക്കെതിരെ തുടര്‍ച്ചയായി മൂന്ന് പോയന്റുകള്‍ നേടി ചോചുവോംഗ് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും രണ്ട് ഗെയിം കൂടി നേടി സൈന ഗെയിമും കിരീടവും സ്വന്തമാക്കി.