ദില്ലി: ക്രിക്കറ്റിലെന്നപോലെ സോഷ്യല്‍ മീഡിയയിലും വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ടാണിപ്പോള്‍. ഒളിംപിക്സില്‍ രണ്ടു മെഡല്‍ നേടിയതിന്റെ പേരില്‍ ഇന്ത്യ നടത്തിയ ആഘോഷങ്ങളെ കളിയാക്കിയ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് ഉരുളയ്ക്കുപ്പേരി മറുപടി നല്‍കിയ സെവാഗ് തൊട്ടടുത്ത ദിവസം ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന് നല്‍കിയ മറുപടിയിലൂടെയാണ് വാര്‍ത്ത സൃഷ്ടിച്ചത്.
തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സാക്ഷിയ്ക്കാണ് സെവാഗ് തകര്‍പ്പന്‍ മറുപടി നല്‍കിയത്. എനിക്ക് താങ്കളെ നേരില്‍ കാണണമെന്നുണ്ട്. താങ്കള്‍ക്കുകൂടി സൗകര്യപ്രദമായ സമയം പറഞ്ഞാല്‍ ഞാന്‍ ഇന്നോ നാളെയോ ആ സമയത്ത് വരാം. എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്.
ഇതിന് സെവാഗ് തന്റെ സ്വതസിദ്ധമായശൈലിയില്‍ മറുപടിയും നല്‍കി. തീര്‍ച്ചയായും. താങ്കള്‍ എന്നോട് ഗുസ്തി പിടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സെവാഗിന്റെ തമാശകലര്‍ന്ന മറുപടി.
