ഓരോ ഗോളിനും ഫ്രീ ടോക് ടൈം പ്രഖ്യാപിച്ച് മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണ്‍

കെയ്റോ: ഗോള്‍‌വേട്ട കൊണ്ട് ഫുട്ബോള്‍ ലോകത്തെ അതിശയിപ്പിക്കുകയാണ് ലിവര്‍പൂളിന്‍റെ ഈജിപ്‌ഷ്യന്‍ വിങര്‍ മൊഹമ്മദ് സലാ. സീസണില്‍ 36 ഗോളുകളാണ് ചുവപ്പ് ജഴ്സിയില്‍ സലാ ഇതിനകം അടിച്ചുകൂട്ടിയത്. ഇതില്‍ 28 എണ്ണം പ്രീമിയര്‍ ഗോളുകളാണ്. ഇറ്റാലിയന്‍ ക്ലബ് റോമയില്‍ നിന്ന് 42 മില്യണ്‍ യൂറോയ്ക്കാണ് സലാ ലിവര്‍പൂളിലെത്തിയത്. 

ഈജിപ്‌ഷ്യന്‍ മെസി എന്നായിരുന്നു റോമായ്ക്കായി കളിക്കുമ്പോള്‍ സലായുടെ വിളിപ്പേര്. റഷ്യന്‍ ലോകകപ്പില്‍ ഈജിപ്‌തിന്‍റെ പ്രതീക്ഷകള്‍ പൂര്‍ണമായും സലായുടെ ഗോളടി മികവിലാണ്. ലോകകപ്പിന് മുമ്പ് ഈജിപ്‌‌ഷ്യന്‍ ഗോളടി യന്ത്രവുമായി രസകരമായ കരാറിലെത്തിയിരിക്കുകയാണ് മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണ്‍. 

സലാ നേടുന്ന ഓരോ ഗോളിനും ഈജിപ്‌തിലെ വൊഡാഫോണ്‍ ഉപയോക്താക്കള്‍ക്ക് 11 മിനുറ്റ് അധിക സംസാര സമയം ലഭിക്കും. മൊ സലാ എന്ന താരിഫ് പ്ലാനില്‍ സൈന്‍ ഇന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഈജിപ്തിലെ വലിയ മൊബൈല്‍ സേവനദാതാക്കളായ വോഡാഫോണിന് 43 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്. താരിഫ് പരിഗണിക്കുമ്പോള്‍ സലായുടെ ഓരോ ഗോളിനും വോഡാഫോണിന് 140 മില്യണ്‍ ഡോളര്‍ ചിലവാകും.