ഒൻപത് റൺസിനിടെ വിജയ്, രാഹുൽ , ധവാൻ എന്നിവരെ കുറാൻ പുറത്താക്കി. കോലിക്ക് പിന്തുണ നൽകിയ ഹർദിക് പാണ്ഡ്യയെ പുറത്താക്കിയും കരുത്ത് കാട്ടി
ഇംഗ്ലിഷ് മണ്ണില്‍ ചരിത്രം കുറിക്കാനിറങ്ങിയ കോലിപ്പടയ്ക്ക് ഇന്നലെ സുവര്‍ണാവസരമായിരുന്നു. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ ചെറിയ സ്കോറിന് പുറത്താക്കിയ ഇന്ത്യ മികച്ച് ലീഡ് നേടിയിരുന്നെങ്കില്‍ അനായാസം മേല്‍ക്കൈ നേടാമായിരുന്നു. ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കം ലഭിച്ചപ്പോള്‍ ഏവരും കളി ഇന്ത്യയുടെ വരുതിയിലേക്കാണെന്ന വിലയിരുത്തലിലാണ് എത്തിച്ചേര്‍ന്നത്.
എന്നാല്‍ പെട്ടന്നാണ് സാം കുറാനെന്ന പുത്തന്‍ കൊടുങ്കാറ്റ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ നാശം വിതച്ചത്. വിക്കറ്റ് നഷ്ടപ്പെടാതെ അമ്പത് എന്ന നിലയില്‍ നിന്ന് 59 ന് 3 എന്ന നിലയിലേക്ക് കോലിപ്പടയുടെ മുന്‍നിര തകര്‍ന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ സാം കുറാന് മുന്നില്‍ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ വിറക്കുകയായിരുന്നു. ഒൻപത് റൺസിനിടെ വിജയ്, രാഹുൽ , ധവാൻ എന്നിവരെ കുറാൻ പുറത്താക്കിയതോടെ കൂട്ട തകര്‍ച്ചയാണ് ടീം ഇന്ത്യ മുന്നില്‍ കണ്ടത്. എന്നാല്‍ കോലിയുടെ മാസ്മരിക പ്രകടനം ഇംഗ്ലണ്ടിന് ഒപ്പം പിടിക്കാന്‍ ഇന്ത്യയെ സഹായിച്ചു.
പക്ഷെ സാം കുറാന്‍ ഒരു വശത്ത് ആക്രമണം നടത്തികൊണ്ടേയിരുന്നു. കോലിക്ക് മികച്ച പിന്തുണ നൽകിയ ഹർദിക് പാണ്ഡ്യയെ പുറത്താക്കി ഇംഗ്ലണ്ടിന് ലീഡ് സമ്മാനിക്കുന്നതില്‍ നിര്‍ണായകമായതും കുറാനാണ്. 17 ഓവറിൽ 74 റൺസ് വഴങ്ങിയാണ് കുറാൻ നാല് വിക്കറ്റ് വീഴ്ത്തിയത്.
കേവലം ഇരുപത് വയസ് മാത്രമുള്ള കുറാന്‍റെ പന്തുകളെ വര്‍ണിക്കുകയാണ് ഇംഗ്ലിഷ് മാധ്യമങ്ങള്‍. ആന്‍ഡേഴ്സണും ബ്രോഡും താളം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ ഇരുപതുകാരന്‍ അവസരത്തിനൊത്തുയരുകയായിരുന്നു. അന്താരാഷ്ട്രാ ടെസ്റ്റ് കരിയറിലെ രണ്ടാം മത്സരത്തിനാണ് കുറാന്‍ ക്യാപ്പണിഞ്ഞത്.
2015 മുതല്‍ സറെ ക്ലബ്ലിന് വേണ്ടി കളിക്കുന്ന കുറാന്‍ ബാറ്റുകൊണ്ടും അത്ഭുതം കാട്ടാന്‍ ശേഷിയുള്ള താരമാണ്. പാക്കിസ്ഥാനെതിരെ ജൂണിലാണ് ടെസ്റ്റില്‍ അരങ്ങേറിയത്. അന്ന് രണ്ട് വിക്കറ്റുകളുമായാണ് താരം മടങ്ങിയത്.
രണ്ടാം ഇന്നിംഗ്സിലും ടീം ഇന്ത്യ നേരിടാനിരിക്കുന്ന വലിയ വെല്ലുവിളി കുറാനില്‍ നിന്നായിരിക്കുമെന്നുറപ്പാണ്. ആന്‍ഡേഴ്സണെയും ബ്രോഡിനെയും പഠിച്ച് ഇറങ്ങുന്ന കോലിക്കും കൂട്ടര്‍ക്കും കുറാന്‍റെ പന്തുകള്‍ എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാനാകുന്നില്ല. ഇംഗ്ലണ്ടിനെ വലിയ ലീഡ് നല്‍കാതെ പുറത്താക്കി മത്സരം സ്വന്തമാക്കാമെന്ന ഇന്ത്യന്‍ സ്വപ്നങ്ങളില്‍ കുറാന്‍ കിരനിഴല്‍ വീഴ്ത്തുമെന്ന് ഭയം ആരാധകര്‍ക്കുമുണ്ട്.
