അർജന്‍റീന പരിശീലകൻ സാംപോളിയെ പുറത്താക്കി

ബ്യൂണസ് ഐറിസ്: അർജന്‍റീന പരിശീലകൻ സാംപോളിയെ പുറത്താക്കി. പരിശീലകനുമായുള്ള കരാർ ഒഴിവാക്കുന്നതായി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ലോകകപ്പിലെ മോശം പ്രകടത്തെത്തുടർന്നാണ് തീരുമാനം.നേരത്തെ തന്നെ പുറത്താക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബാധ്യതയുടെ പേരിൽ പ്രഖ്യാപനം വൈകുകയായിരുന്നു.

പരിശീലകന്‍ ജോര്‍ജ് സാംപോളിയുടെ മണ്ടത്തരങ്ങളും പാളിയ തന്ത്രങ്ങളുമാണ് അര്‍ജന്‍റീനയ്ക്ക് വലിയ തിരിച്ചടിയായതെന്ന വിമര്‍ശനം ആദ്യം തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാംപോളി പരിശീലകസ്ഥാനത്ത് തുടരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

സ്വമേധയാ രാജിവെക്കില്ലെന്ന് ടീമിന്‍റെ ലോകകപ്പ് തോൽവിക്ക് പിന്നാലെയുള്ള സാംപോളിയുടെ പ്രസ്താവന രാജ്യത്ത് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.