അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യൻ സമയം അർദ്ധരാത്രി 12 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിലാണ്.
ദില്ലി: ഫുട്ബോൾ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന് കിക്കോഫാവാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയില്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനാകില്ലെന്ന ആശങ്കയിലാണ് ആരാധകര്‍. ലോകകപ്പ് തുടങ്ങാൻ രണ്ട് മാസത്തിൽ താഴെ മാത്രം സമയം ബാക്കി നിൽക്കെ, ടൂർണമെന്‍റിന്‍റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സ്വന്തമാക്കാൻ ഇതുവരെ ഒരു ബ്രോഡ്‌കാസ്റ്ററും രംഗത്തെത്തിയിട്ടില്ല. അര്‍ജന്‍റീന ഇതിഹാസം ലയണൽ മെസിയും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും അവസാന ലോകകപ്പിനായി ബൂട്ടണിയുമ്പോൾ അത് ഇന്ത്യയിൽ കാണാൻ കഴിയില്ലെന്ന റിപ്പോര്‍ട്ടുകളാണ് ആരാധകരെ നിരാശരാക്കുന്നത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യൻ സമയം അർദ്ധരാത്രി 12 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിലാണ്. പുലർച്ചെ 3 മണിക്ക് നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾ കാണാൻ ആളുണ്ടാകില്ലെന്നും ഇത് പരസ്യ വരുമാനത്തെ ബാധിക്കുമെന്നും ഭയമുള്ളതിനാലാണ് പ്രമുഖ ബ്രോഡ്‌കാസ്റ്റര്‍മാരെല്ലാം സംപ്രേഷണ അവകാശം സ്വന്തമാക്കുന്നതില്‍ നിന്ന് മാറിനില്‍ക്കുന്നത്. ഇതിന് പുറമെ സംപ്രേഷണാവകാശത്തിനായി ഫിഫ ആവശ്യപ്പെടുന്ന വൻ തുക നൽകാൻ സോണി, ജിയോ സ്റ്റാർ തുടങ്ങിയ വമ്പന്മാർ മടിക്കുകയാണ്. 100 ദശലക്ഷം ഡോളറിൽ നിന്ന് 35 ദശലക്ഷം ഡോളറായി (ഏകദേശം 290 കോടി രൂപ) ഫിഫ തുക കുറച്ചിട്ടും ചാനലുകൾ സംപ്രേഷണ അവകാശം സ്വന്തമാക്കാന്‍ തയാറിയിട്ടില്ല.
സ്വകാര്യ ചാനലുകൾ പിന്മാറിയാൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പ്രസാർ ഭാരതി (ദൂരദർശൻ) രംഗത്തെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ദേശീയ പ്രാധാന്യമുള്ള കായിക മത്സരങ്ങള്‍ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന നിയമം അനുസരിച്ച് ദൂരദർശൻ അവകാശം ഏറ്റെടുത്താൽ ലോകകപ്പ് സൗജന്യമായി കാണാൻ സാധിക്കും. എന്നാൽ പ്രൊഡക്ഷൻ ക്വാളിറ്റിയിൽ ഇത് സ്വകാര്യ ചാനലുകൾക്ക് ഒപ്പമെത്തുമോ എന്ന ആശങ്ക ആരാധകർക്കുണ്ട്. ഖത്തര്‍ ലോകകപ്പിന്‍റെ സംപ്രേഷണാവകാശം റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം18 സ്വന്തമാക്കിയത് 62 മില്യൺ ഡോളറിനായിരുന്നു,(ഏകദേശം 574 കോടി രൂപ).
ഈ സംപ്രേഷണ പ്രതിസന്ധി ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് മെസി-റൊണാൾഡോ ആരാധകരെയാണ്. അർജന്‍റീനയുടെ കിരീടം നിലനിർത്താൻ ലയണൽ മെസി തന്‍റെ ആറാം ലോകകപ്പിനിറങ്ങുമ്പോൾ, കരിയറിലെ ഒരേയൊരു കുറവായ ലോകകപ്പ് ട്രോഫി തേടി ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടണിയുന്ന അവസാന ലോകകപ്പാണിത്. ലോക ഫുട്ബോളിലെ ഈ ഇതിഹാസങ്ങളുടെ അവസാന പോരാട്ടം കാണാൻ ഇന്ത്യയിലെ ആരാധകർക്ക് ഭാഗ്യമുണ്ടാകുമോ എന്നത് വരും ആഴ്ചകളിലെ ചർച്ചകളെ ആശ്രയിച്ചിരിക്കും. വമ്പൻ ചാനലുകൾ അവസാന നിമിഷം കരാറിൽ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഫുട്ബോൾ ലോകം. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി നടക്കുന്ന ലോകകപ്പിന് ജൂണ്‍ 12നാണ് തുടക്കമാകുക. ആതിഥേയരായ മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം.
