കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ എക്കാലത്തേയും മികച്ച ടീമില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇല്ല. ഇന്ത്യയില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് മാത്രമാണ് സംഗക്കാരയുടെ ഇലവനില്‍ ഇടംനേടിയത്. അരവിന്ദ ഡിസില്‍വ നയിക്കുന്ന ടീമില്‍ മാത്യു ഹെയ്ഡനൊപ്പം ഓപ്പണറായാണ് ദ്രാവിഡിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നും നാലും സ്ഥാനങ്ങളില്‍ ബ്രയന്‍ ലാറയും റിക്കി പോണ്ടിംഗുമാണ്. ജാക് കാലിസ്, ആഡം ഗില്‍ക്രൈസ്റ്റ്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, വാസിം അക്രം, ചാമിന്ദ വാസ് എന്നിവരാണ് മറ്റുതാരങ്ങള്‍.

ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍വെച്ച് പുറത്തിറക്കിയ വീഡിയോയിലൂടെയാണ് സംഗകാര തന്റെ സ്വപ്‌ന ഇലവനെ അവതരിപ്പിച്ചത്. ടെസ്റ്റില്‍ 12400 റണ്‍സും ഏകദിനത്തില്‍ 14,234 റണ്‍സും നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഒഴിവാക്കിയതാണ് സംഗകാരയുടെ ഇലവനിലെ ഏറ്റവും വലിയ സവിശേഷത. ഒപ്പം കളിച്ച താരവും അടുത്ത സുഹൃത്തായ മഹേള ജയവര്‍ദ്ധനയെയും സംഗകാര ഒഴിവാക്കിയിട്ടുണ്ട്. ബൗളര്‍മാരായി മുത്തയ്യ മുരളീധരന്‍, ചാമിന്ദാ വാസ് എന്നീ ലങ്കക്കാര്‍ ഇടംനേടിയപ്പോള്‍ ഗ്ലെന്‍ മക്‌ഗ്രാത്തിനെ സംഗകാര തഴഞ്ഞു. അഞ്ചു ഏഷ്യന്‍ താരങ്ങള്‍ സംഗകാരയുടെ ടീമില്‍ ഇടംനേടിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം പ്രഖ്യാപിച്ച ടീമില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് ഇടംകണ്ടെത്തിയത്. വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്സാണ് മക്കല്ലത്തിന്റെ സ്വപ്‌ന ടീമിന്റെ നായകന്‍.