മെല്‍ബണ്‍: ഏഴാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായി സാനിയ മിര്‍സ ഇനിയും കാത്തിരിക്കണം. ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഇവാന്‍ ഡോഡിഗ് സഖ്യത്തിന് തോല്‍വി. കലാശപ്പോരാട്ടത്തില്‍ അബിഗാല്‍ സ്‌പിയേഴ്‌സ്-യുവാന്‍ സെബാസ്റ്റ്യന്‍ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയിച്ചത്. സ്കോര്‍ 6-2, 6-4.
ഫൈനലില്‍ ഫേവറിറ്റുകളായെത്തിയ സാനിയ മിര്‍സ ഇവാന്‍ ഡോഡിഗ് സഖ്യത്തിന് തുടക്കം മുതല്‍ പിഴച്ചു. സാനിയയുടെയും ഡോഡിഗിന്റെയും സര്‍വ് ബ്രേക്ക് ചെയ്ത് എതിരാളികള്‍ 4-0ന് മുന്നിലെത്തി. പിന്നെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും 6-2ന് ആദ്യ സെറ്റ് സ്‌പിയേഴ്‌സ് യുവാന്‍ സെബാസ്റ്റ്യന്‍ ജോഡി നേടി
രണ്ടാം സെറ്റ് തുടങ്ങിയത് സാനിയ സഖ്യത്തിന്റെ മുന്നേറ്റത്തോടെ. 3-0ന് മുന്നിലെത്തിയപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയായി.പക്ഷേ അതിന് ശേഷം നേടാനായത് ഒരു ഗെയിം മാത്രം. 6-4ന് രണ്ടാം സെറ്റും നെടി സീഡ് ചെയ്യപ്പെടാതെ ടൂര്‍ണമെന്‍റിനെത്തിയവരുടെ കിരീട നേട്ടം. 2016 ഫ്രഞ്ച് ഓപ്പണിലും സാനിയ - ഡോഡിഗ് സഖ്യം ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
