ദില്ലി: ഇന്ത്യന്‍ ടെന്നിസിൽ വീണ്ടും തമ്മിലടി. ഒളിംപിക്സിലെ മിക്സ്ഡ് ഡബിള്‍സിന് ഇന്ത്യ അയച്ചത് മോശം ടീമിനെയാണെന്ന് ലിയാന്‍ഡര്‍ പേസ് കുറ്റപ്പെടുത്തി. പേസിന്റേത് വാര്‍ത്തയിലിടം പിടിക്കാനുള്ള ശ്രമമെന്ന് ബൊപ്പണ്ണയും സാനിയയും തിരിച്ചടിച്ചു. ഡേവിസ് കപ്പ് ടെന്നിസിൽ സ്പെയിനെതിരായ ഡബിള്‍സ് മത്സരത്തിന് ശേഷമാണ് റിയോ ഒളിംപിക്സ് ടീം തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് ലിയാന്‍ഡര്‍ പേസ് രംഗത്തെത്തിയത്.
മിക്സ്ഡ് ഡബിള്‍സില്‍തന്നെ തഴഞ്ഞ് രോഹന്‍ ബൊപ്പണ്ണയെ സാനിയ മിര്‍സയുടെ പങ്കാളിയായിക്കിയത് ഉചിതമായില്ല.14 മാസത്തിനിടെ 4 ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കീരീടം നേടിയതില്‍ കൂടുതലെന്താണ് ഒളിംപിക് ടീമിലെത്താന്‍ താന്‍ ചെയ്യേണ്ടിയിരുന്നതെന്നും പേസ് ചോദിച്ചു. തൊട്ടുപിന്നാലെ പേസിനെ പരോക്ഷമായി വിമര്‍ശിച്ച് സാനിയ മിര്‍സയുടെ ട്വീറ്റെത്തി.
വിഷം നിറഞ്ഞ മനസ്സിനുടമയെന്ന് പേസിനെ വിമര്‍ശിക്കുന്ന സാനിയയുടെ ട്വീറ്റ് രോഹന്‍ ബൊപ്പണ്ണ റീ ട്വീറ്റും ചെയ്തു. സഹതാരങ്ങളെ മാധ്യമങ്ങളിലൂടെ അവഹേളിച്ച് വാര്‍ത്തയിൽ നിറയാനുള്ള പതിവ് തന്ത്രമാണ് പേസ് പയറ്റുന്നതെന്നും ബൊപ്പണ്ണ വിമര്‍ശിച്ചു. ഒളിംപിക്സില്‍ പങ്കാളിയാക്കണമെന്ന പേസിന്റെ ആവശ്യം തള്ളിയാണ് സാനിയ ബൊപ്പണ്ണയ്ക്കൊപ്പം കളിച്ചത്.
സാനിയ ബൊപ്പണ്ണ സഖ്യം വെങ്കല മെഡൽ മത്സരത്തില്‍ തോറ്റപ്പോള്‍ അഖിലേന്ത്യാ അസോസിയേഷന്റെ സമ്മര്‍ദ്ദം കാരണം കോര്‍ട്ടിലിറങ്ങിയ പേസ് ബൊപ്പണ്ണ സഖ്യം ആദ്യ റൗണ്ടിലേ പുറത്തായിരുന്നു.
