തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ മൂന്നാം ദിനത്തിൽ കേരളം മികച്ച നിലയിൽ. സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ കേരളം ഒടുവില്‍ 314/3 എന്ന നിലയിലാണ്. 141 റണ്‍സുമായി സഞ്ജുവും 65 റണ്‍സുമായി അരുണ്‍ കാർത്തിക്കുമാണ് ക്രീസിൽ. കേരളത്തിനിപ്പോൾ 307 റണ്‍സിന്റെ ലീഡുണ്ട്.
മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയിരുന്നു. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ ആയ 225 റണ്‍സ് പിന്തുടർന്ന സൗരാഷ്ട്ര 232 റണ്‍സ് എടുത്ത് നിർണായകമായ ഏഴു റണ്‍സിന്റെ ലീഡ് നേടി. റോബിൻ ഉത്തപ്പയുടെ 86 റണ്‍സ് ആണ് സൗരാഷ്ട്രയുടെ ഇന്നിംഗ്സിനു കരുത്തായത്. സ്നെൽ എസ്. പട്ടേൽ 49 റണ്‍സും ജെ.എം. ചൗഹാൻ 30 റണ്‍സും ജെ. ഉനാത്കത് 26 റണ്‍സും നേടി. കേരളത്തിനുവേണ്ടി സിജോമോൻ ജോസഫ് നാലു വിക്കറ്റും ബേസിൽ തന്പി മൂന്നു വിക്കറ്റും നേടി.
ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലാണ് കേരളം ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്. ജലജ് സക്സേന, രോഹൻ പ്രേം എന്നിവർ 44 റണ്‍സ് വീതമെടുത്ത് പുറത്തായി. 12 റണ്‍സ് എടുത്ത മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സൗരാഷ്ട്രയ്ക്കെതിരെ വിജയിച്ചാൽ മാത്രമേ മൂന്നാം സ്ഥാനക്കാരായ കേരളത്തിന് നോക്കൗണ്ട് ഘട്ടത്തിലേക്കു മുന്നേറാനാകൂ.
