തിരുവനന്തപുരം: സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. മൂന്നാം ദിനം കളി പുരോഗമിക്കവെ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ മൂന്നിന് 323 റണ്‍സ് എന്ന നിലയിലാണ്. 151 റണ്‍സോടെ സഞ്ജുവും 74 റണ്‍സോടെ അരുണ്‍ കാര്‍ത്തികുമാണ് ക്രീസില്‍.
ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് ഇതോടെ മൊത്തം 316 റണ്‍സിന്റെ ലീഡായി. ഒരു ദിനം ശേഷിക്കെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.170 പന്തില്‍ 14 ഫോറുകളും ആറ് സിക്‌സറുകളും ഉള്‍പ്പെടെയാണ് സഞ്ജു 151 റണ്‍സ് അടിച്ചത്. ഒന്നാം ഇന്നിംഗ്‌സിലും 68 റണ്‍സെടുത്ത സഞ്ജു ആയിരുന്നു കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. സീസണിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്.
ജലജ് സക്‌സേന (44), രോഹന്‍ പ്രേം (44) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ 225 റണ്‍സിന് പുറത്തായ കേരളം സൗരാഷ്ട്രയെ 232 റണ്‍സിന് പുറത്താക്കിയിരുന്നു. നോക്കൗട്ട് പ്രവേശനം ലക്ഷ്യമിടുന്ന ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. നിലവില്‍ ഗ്രൂപ്പ് ബിയില്‍ 18 പോയന്റുള്ള കേരളം മൂന്നാം സ്ഥാനത്താണ്.23 പോയന്റുള്ള സൗരാഷ്ട്ര ഒന്നാമതും 20 പോയന്റുള്ള ഗുജറാത്ത് രണ്ടാമതുമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ മാത്രമെ നോക്കൗട്ടിലെത്തൂ. മത്സരം സമനിലയായാല്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ സൗരാഷ്ട്രയ്ക്ക് മൂന്ന് പോയിന്റും കേരളത്തിന് ഒരു പോയന്റും ലഭിക്കും.
