തിരുവനന്തപുരം: മലയാളി താരം സഞ്ജു വി സാംസൺ തമിഴ്നാട് പ്രീമിയര്‍ ലീഗിൽ കളിക്കും.ട്വന്‍റി 20 ലീഗിലേക്ക് രജിസ്റ്റര്‍ ചെയ്തതായി സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ ബംഗളൂരുവില്‍ വിക്കറ്റ് കീപ്പിംഗ് ക്യാംപിലാണ് സഞ്ജു. ഐപിഎല്‍ താരങ്ങളായ ബേസില്‍ തമ്പി, വിഷ്ണു വിനോദ് എന്നിവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സുരേഷ് റെയ്ന, യൂസഫ് പത്താന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ലീഗില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നു. എട്ട് ഫ്രാഞ്ചൈസികളിലായി 24 മറുനാടന്‍ താരങ്ങള്‍കകാണ് ടിഎന്‍പിഎല്ലില്‍ കളിക്കാന്‍ അവസരം ഉള്ളത്. ഈ മാസം 23നാണ് പ്ലെയര്‍ ഡ്രാഫ്റ്റ് നടക്കുക. സഞ്ജുവിനും റെയ്‌നയ്ക്കും പത്താനും പുറമേ ഒട്ടേറെ ഐപിഎല്‍ താരങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീയൂഷ് ചൗള, യുസ്‌വേന്ദ്ര ചഹല്‍, പേസര്‍ സന്ദീപ് ശര്‍മ്മ, അശോക് ഡിന്‍ഡേ, ബാറ്റ്‌സ്മാന്‍ മനോജ് തിവാരി, ഉന്മുക്ത് ചന്ദ്, മന്നന്‍ വോറ, ഹനുമാ വിഹാരി എന്നിവരെല്ലാം ലീഗില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ താരമായിരിക്കുമ്പോള്‍ മികച്ച ഭാവി വാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്ന സുരേഷ് റെയ്‌നയ്ക്ക് തമിഴ്‌നാട്ടില്‍ നിരവധി ആരാധകരുണ്ട്. പങ്കെടുക്കുന്ന എട്ട് ഫ്രാഞ്ചൈസികള്‍ക്കായി ആകെ 80 പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 24 പേര്‍ക്ക് മാത്രമാണ് കളിക്കാന്‍ അവസരം കിട്ടുക. പുറത്തുള്ള മൂന്ന് താരങ്ങളെ വരെയാണ് ഒരു മത്സരത്തില്‍ കളിപ്പിക്കാനാകു.
