സീസണിലെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം തുടര്‍ച്ചയായ രണ്ടാം തവണയാണ് സഞ്ജു പരാജയപ്പെടുന്നത്

പൂനെ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പിഴവുകളില്ലാത്ത ഇന്നിങ്‌സായിരുന്നു സഞ്ജു സാംസണിന്റേത്. 45 പന്തില്‍ അടിച്ചെടുത്തത് 92 റണ്‍സ്. ഇതോടെ സഞ്ജുവിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകത്തിന്റെ മുക്കിലും മൂലയില്‍ നിന്നും കമന്റുകളെത്തി. ഹര്‍ഷാ ഭോഗ്ലെ.., മൈക്കിള്‍ വോഗന്‍, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, ഡിവില്ലിയേഴ്‌സ് അങ്ങനെ പോകുന്നു നിര. 

അടുത്ത മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ. കഴിഞ്ഞ മത്സരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ആത്മവിശ്വസത്തിലായിരുന്നു സഞ്ജു. എന്നാല്‍ എട്ട് പന്ത് മാത്രം നേരിട്ട സഞ്ജു ഏഴ് റണ്‍സെടുത്ത് പുറത്തായി. കൊല്‍ക്കത്ത പേസര്‍ ശിവം മാവിക്കെതിരേ ഒരു പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡീപ് സ്‌ക്വയര്‍ ലെഗില്‍ കുല്‍ദീപ് യാദവിന്റെ കൈകളില്‍ ഒതുങ്ങി. ടൈമിങ്ങിലെ പിഴവായിരുന്നു അന്ന് വിനയായത്. 

ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ പുറത്താവുമ്പോള്‍ അവരുടെ ക്യാപ്റ്റന്‍ എം.എസ്. ധോണി സ്വീകരിച്ചത് അതേ തന്ത്രം. ഡീപ് സ്‌ക്വയര്‍ ലെഗില്‍ കരണ്‍ ശര്‍മ. പന്തെറിയുന്നത് ദീപക് ചാഹര്‍. കുത്തി ഉയര്‍ന്ന അതിവേഗ ബൗണ്‍സില്‍ ഒരിക്കല്‍കൂടി സഞ്ജു പുള്‍ ഷോട്ടിന് മുതിര്‍ന്നു. കരണ്‍ ശര്‍മയ്ക്ക് ഒന്നനങ്ങുക പോലും ചെയ്യേണ്ടിവന്നില്ല. നേരെ കൈകളിലേക്ക്. 

ഷോട്ട് പന്തുകളെ നേരിടുമ്പോഴുള്ള അപാകതയാണ് രണ്ട് മത്സരത്തിലും സഞ്ജുവിന് വിനയായത്. മുന്‍കാലങ്ങളിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഈ പ്രശ്‌നം നേരിട്ടിട്ടുണ്ട്. സൗരവ് ഗാംഗുലിയും സുരേഷ് റെയ്‌നയുമൊക്കെ ഉത്തമ ഉദാഹരണങ്ങളാണ്. ഈ കുറവാണ് സഞ്ജു എത്രയും വേഗം പരിഹരിക്കേണ്ടതും.