കൊല്‍ക്കത്ത: എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളം മരണ ഗ്രൂപ്പില്‍. കരുത്തരായ ബംഗാളിനെയും മഹാരാഷ്ട്രയെയും കൂടാതെ മണിപ്പൂരും ചണ്ഡിഗഡുമാണ് കേരളത്തോടൊപ്പം എ ഗ്രൂപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്‍മാരാണ് കരുത്തരായ ബംഗാള്‍. അതേസമയം 2016ലെ ഫൈനലിസ്റ്റുകളാണ് മഹാരാഷ്ട്ര. മാര്‍ച്ച് 19 മുതല്‍ കൊല്‍ക്കത്തയിലാണ് 72-ാം സന്തോഷ് ട്രോഫി മത്സരങ്ങള്‍.
കേരളവും ചണ്ഡിഗഡും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെയാണ് പോരാട്ടത്തിന് കിക്കോഫ് ഉണരുക. ഗ്രൂപ്പ് ബിയില്‍ ഗോവ, മിസോറാം, ഒഡിഷ, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ ടീമുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിലെത്തിയ കേരളം ഗോവയോട് സെമിഫൈനലില്‍ 2-1ന് പരാജയപ്പെടുകയായിരുന്നു. മാര്‍ച്ച് 30ന് സെമിഫൈനലും ഏപ്രില്‍ ഒന്നിന് ഫൈനലും നടക്കും.
