77–ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ വി.എസ്.ശ്രീക്കുട്ടനിലൂടെയായിരുന്നു കേരളത്തിന്റെ അഞ്ചാം ഗോള്‍

കൊല്‍ക്കത്ത: 72-മത് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ ചണ്ഡീഗഡിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് കേരളം ചണ്ഡീഗഡിനെ തകര്‍ത്തുവിട്ടത്.11–ാം മിനിറ്റിൽ എം.എസ്.ജിതിനിലൂടെയാണ് കേരളം ഗോളടി തുടങ്ങിത്.സജിത്ത് പൗലോസ് 19–ാം മിനിറ്റിലും വി.കെ.അഫ്ദാൽ 48–ാം മിനിറ്റിലും വലകുലുക്കിയപ്പോള്‍ 51-ാം മിനിട്ടില്‍ ജിതിന്‍ രണ്ടാം ഗോള്‍ നേടി കേരളത്തിന്റെ ജയമുറപ്പിച്ചു.

77–ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ വി.എസ്.ശ്രീക്കുട്ടനിലൂടെയായിരുന്നു കേരളത്തിന്റെ അഞ്ചാം ഗോള്‍. അവസാന നിമിഷം വിശാല്‍ ശര്‍മ ചണ്ഡീഗഡിന്റെ ആശ്വാസഗോള്‍ നേടി.

ആതിഥേയരായ ബംഗാളും വടക്ക് കിഴക്കന്‍ ശക്തികളായ മണിപ്പൂരുമാണ് കേരളത്തിന്റെ അടുത്ത എതിരാളികള്‍. പ്രാഥമിക റൗണ്ടില്‍ കണ്ട അറ്റാക്കിങ് ഫോര്‍മേഷന്‍ തന്നെയാണ് ഫൈനല്‍ റൗണ്ടുകളിലും പരിശീലകന്‍ സതീവ് ബാലന്‍ ഉപയോഗിച്ചത്. ബെംഗളൂരുവില്‍ നടന്ന ദക്ഷിണ മേഖലാ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഒന്നാം സ്ഥാനം നേടിയാണ് കേരളം അവസാന റൗണ്ടിന് യോഗ്യത നേടിയത്.