Asianet News MalayalamAsianet News Malayalam

ശ്രീജേഷിന്‍റെ കരിയർ അവസാനിക്കാറായില്ല: സർദാർ സിംഗ്

sardar singh reaction on sreejesh career
Author
First Published Feb 21, 2018, 9:06 AM IST

ബെംഗളുരു: ഇന്ത്യൻ ടീമിൽ തന്‍റെ സ്ഥാനം സുരക്ഷിതമല്ലെന്ന് തുറന്നുപറഞ്ഞ് നായകൻ സർദാർ സിങ്. യുവതാരങ്ങൾ മികച്ച പ്രകടനം നടത്തുന്നത് വെല്ലുവിളിയാകുന്നുണ്ടെന്ന് സർദാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാന്യമായ വിരമിക്കലിനുവേണ്ടിയാണ് അസ്ലൻഷാ കപ്പിൽ നായകനാക്കിയതെന്ന വിലയിരുത്തലുകൾ സർദാർ സിങ് നിഷേധിച്ചു.

ടീമിനെ നയിക്കാൻ കഴിയുന്നു എന്നത് പ്രത്യേക അനുഭവമാണെന്ന് സർദാർ സിങ് പറയുന്നു. രണ്ട് വർഷത്തിന് ശേഷം ദേശീയ ടീമിന്‍റെ നായകപദവി തേടിയെത്തിയതിൽ സർദാർ സിങ് സന്തുഷ്ടനാണ്. ഇന്ത്യൻ നിരയിലെ പരിചയസമ്പന്നനായ താരത്തിന് 2016 അസ്ലൻഷാ കപ്പിന് ശേഷം വീണ്ടുമൊരു അസ്ലൻഷാ കപ്പിൽ നായകപദവി. എന്നാൽ മധ്യനിരയിലെ തന്‍റെ സ്ഥാനത്തിന് വെല്ലുവിളികളുണ്ടെന്ന് സമ്മതിക്കുന്നു സർദാർ. താരങ്ങളെ മാറിമാറിപ്പരീക്ഷിക്കുന്ന പരിശീലകൻ ഷോഡ് മരീനെ തരുന്ന സന്ദേശവും അതാണ്.

ഓരോ ടൂർണമെന്‍റും വെല്ലുവിളിയാണ്. കൂടുതൽ യുവതാരങ്ങളെ പരീക്ഷിക്കുന്നു.കൂടുതൽ പേർക്ക് അവസരം ലഭിക്കുന്നു. ശരിയായ തീരുമാനം മൈതാനത്തെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സർദാർ സിങ് പറയുന്നു. ഇടവേളക്ക് ശേഷം നായക സ്ഥാനത്തേക്ക് കൊണ്ടുവന്നത് താരത്തിന് മാന്യമായ വിരമിക്കലിന് അവസരമൊരുക്കലാണെന്ന വിലയിരുത്തലുണ്ട്. എന്നാൽ അതെല്ലാം നിഷേധിക്കുന്നു സർദാർ സിംഗ്. ഇനിയും ടൂർണമെന്‍റുകൾ ബാക്കിയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. 

എത്ര കാലം ആരോഗ്യത്തോടെയിരിക്കുന്നോ, അത്രയും കാലം ഇന്ത്യക്ക് വേണ്ടി കളിക്കാൻ ശ്രമിക്കുമെന്നാണ് സര്‍ദാര്‍ സിങ് ഉറപ്പ് നല്‍കുന്നത്.യുവ ഗോൾകീപ്പർമാരെ കൂടുതലായി പരീക്ഷിക്കുന്നതിന് അർത്ഥം പി ആർ ശ്രീജേഷിന്‍റെ കരിയർ അവസാനിച്ചു എന്നല്ലെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. എല്ലാവർക്കും അവസരം ലഭിക്കണം. ശ്രീജേഷ് പരിചയസമ്പന്നനായ താരമാണ്. യുവതാരങ്ങൾ നന്നായി കളിച്ചാലും പരിചയസമ്പത്തിനാവും മുൻഗണന കിട്ടുകയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios