പാലാ: ട്രിപ്പിള്‍ നേട്ടത്തോടെ മാര്‍ ബേസിലിന്റെ മിന്നും താരം അനുമോള്‍ തമ്പി സ്കൂള്‍ കായികോത്സവം വിട്ടു.സമീപകാലത്ത് സ്കൂള്‍ വേദികളിലെ ഏറ്റവും മികച്ച അത്‌ലറ്റുകളിലൊരാളായിരുന്നു ഇടുക്കിക്കാരിയായ അനുമോള്‍ തമ്പി.
സ്കൂള്‍ കായികോത്സവങ്ങളില്‍ ട്രാക്കുകളെ ആവേശത്തിലാക്കാന്‍ ഇനി അനുമോള്‍ തമ്പിയില്ല. ജീവിതത്തില്‍ വലിയ വിജയങ്ങള്‍ സമ്മാനിച്ച സ്‌പൈക്‌സ് നെഞ്ചോട് ചേര്‍ത്ത് അനുമോള്‍ ട്രാക്ക് വിട്ടകന്നു. അവസാന കായികോത്സവത്തില്‍ ട്രിപ്പിള്‍ സ്വര്‍ണ്ണം നേടിയ അഭിമാനത്തോടെ.
സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് അനുമോള്‍ തമ്പി ഇന്ന് സ്വര്‍ണ്ണം നേടിയത്. 5000, 3000 മീറ്ററുകളിലും അനുമോള്‍ക്കായിരുന്നു സ്വര്‍ണ്ണം. 3000 മീറ്ററിലെ പ്രകടനം ദേശീയ റെക്കോര്‍ഡിനെക്കാള്‍ മികച്ചതും.
സംസ്ഥാന കായികമേളകളില്‍ അനുമോളുടെ സമ്പാദ്യം ആറ് സ്വര്‍ണ്ണമാണ്. ഇടുക്കി കമ്പിളികണ്ടത്തെ മണ്‍പാതയില്‍ ഓടിപ്പടിച്ച അനുമോള്‍ ട്രാക്കിന്‍റെ താരമാകുന്നത് കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെത്തിയതോടെ.
സ്കൂള്‍ വേദികള്‍ വിട്ടാലും അനുമോള്‍ അത്ലറ്റിക്‌സില്‍ തുടരും. വരും കായികമേളകളിലും താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എത്തുമെന്ന് പറഞ്ഞാണ് അനുമോള്‍ പാലാ വിട്ടത്.
