കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുന്നവരാണ് അധ്യാപകര്‍.എന്നാല്‍ അധ്യാപകന് വിദ്യാര്‍ത്ഥികള്‍ പ്രചോദനമായാലോ? അങ്ങനെ പാലാ വരെയെത്തിയ ഒരു പാലക്കാടന്‍ കഥയാണിനി. കഥയല്ല സംഭവം സത്യമാണ്. ഇതിലെ കഥാപാത്രങ്ങള്‍ ട്രാക്കില്‍ കേരളത്തിന്റെയും പാലക്കാട് പറളി സ്കൂളിന്റെയും മിന്നും താരമായിരുന്ന മുഹമ്മദ് അഫ്സലും പരിശീലകന്‍ പി.ജി. മനോജും.

ഇനിയല്‍പ്പം ഫ്ലാഷ് ബാക്ക്.

വര്‍ദ്ധിച്ചുവരുന്ന ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കായികമേളകളില്‍ ഇനി താനുണ്ടാവില്ലെന്ന് മനോജ് മാഷ് കഴിഞ്ഞ തവണ പറഞ്ഞത്. പക്ഷെ ഇത്തവണ മനോജ് മാഷ് തീരുമാനം മാറ്റി. പാലായിലെത്തി. അതെന്താണ് മാഷേ കാര്യമെന്ന് ചോദിച്ചാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന മുഹമ്മദ് അഫ്സലിനെ കാണിച്ച് തരും.

സ്കൂള്‍ കായികമേളയില്‍ 800, 1500, 5000 മീറ്ററുകളില്‍ ട്രാക്ക് അടക്കിവാണ മുഹമ്മദ് അഫ്സല്‍ 2015ലാണ് ട്രാക്ക് വിട്ടത്. ഇപ്പോള്‍ ബംഗലൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥനായ അഫ്സല്‍ അവധിയെടുത്താണ് കായികമേളയ്ക്കെത്തിയിരിക്കുന്നത്. വെറുതെ വന്നതല്ല, കായികോത്സവത്തിനില്ലെന്ന മനോജ് മാഷിന്റെ തീരുമാനം മാറ്റാന്‍ വേണ്ടി മാത്രം.

മത്സരങ്ങള്‍ തീരുന്നതുവരെ മനോജ് മാഷിനൊപ്പം അഫ്സലുമുണ്ടാകും. അധ്യാപകന് പ്രചോദനമായ പ്രിയ ശിഷ്യനായി.