പാല: അപര്‍ണ റോയിയും അസ്റ്റിന്‍ ജോസഫ് ഷാജിയും സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ വേഗമേറിയ താരങ്ങള്‍. 100 മീറ്റര്‍ 12.49 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ അപര്‍ണ വേഗമേറിയ വനിതാ താരമായത്. തിരുവനന്തപുരം സായിയുടെ കെ.എം.നിഭയ്ക്കാണ് വെള്ളി. തിരുവനന്തപുരം സായിയുടെ താരമാണ് ആണ്‍കുട്ടികളില്‍ വേഗമേറിയ താരമായ അസ്റ്റിന്‍ ജോസഫ് ഷാജി. എറണാകുളത്തിന്റെ നിബിൻ ബൈജുവാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ സി.അഭിനവിനാണ് സ്വര്‍ണ്ണം.പാലക്കാട്, എറണാകുളം ജില്ലകളിലെ താരങ്ങളുടെ വെല്ലുവിളി അതിജീവിച്ചാണ് അഭിനവ് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും സ്വര്‍ണമണിഞ്ഞത്.കോഴിക്കോടിന്റെ എ.സി.അരുണ്‍ വെള്ളി നേടി.ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂരിന്റെ ആന്‍സി സോജന് സ്വര്‍ണവും മലപ്പുറത്തിന്റെ പി.ഡി.അഞ്ജലി വെള്ളിയും നേടി.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എറണാകുളത്തിന്റെ താങ്‍ജം സിംഗ് സ്വര്‍ണമണിഞ്ഞു. കോട്ടയത്തിന്റെ റെനന്‍ ഇമ്മാനുവല്‍ തോമസിനാണ് വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തൃശൂരിന്റെ ആന്‍സി സോജന്‍ സ്വര്‍ണവും മലപ്പുറത്തിന്റെ പി.ഡി.അഞ്ജലി വെള്ളിയും നേടി.