ഐ ലീഗില്‍ മിനര്‍വ പഞ്ചാബ് കിരീടം നേടുമ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചും ചായക്കടക്കാരനുമായ സച്ചിന്‍ ബഡാദെയെ കുറിച്ച്

പൂനെ: പൂനെയിലെ വെറുമൊരു ഒരു ചായക്കടക്കാരന്‍, മിനര്‍വ പഞ്ചാബ് ഐ ലീഗ് കിരീടം നേടിയതിന്റെ പ്രധാന കാരണം ഈ ചായക്കടക്കാരനോട് ചോദിച്ചാലറിയാം. സച്ചിന്‍ ബഡദെയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഐ ലീഗ് മിനര്‍വ പഞ്ചാബ് കിരീടം നേടുമ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചും ചായക്കടക്കാരനുമായ സച്ചിന്‍ ബഡാദെയെ കുറിച്ച്. പൂനെയില്‍ പാര്‍വതി ക്ഷേത്രത്തിന് സമീപാണ് സച്ചിന്റെ ചായക്കട. ശ്രീനാഥ് ടീ ആന്‍ഡ് സ്‌നാക്സ് സെന്റര്‍. ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ 2009ലാണ് സച്ചിന്‍ ചായക്കട ആരംഭിക്കുന്നത്. 

പൂനെയില്‍ നിന്ന് 37 കിലോ മീറ്റര്‍ അകലെ ശസ്വാദിലാണ് സച്ചിന്‍ ജനിച്ചത്. എസ്എസ്പിഎംഎസ് ബോര്‍ഡിങ് സ്‌കൂളില്‍ പഠനം. അണ്ടര്‍ 15 തലത്തില്‍ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കി. മഹാരാഷ്ട്ര സംസ്ഥാന തലത്തിലും കളിച്ചു. പിന്നീടാണ് കോച്ചിങ് കരിയറിലേക്ക് മാറുന്നത്. ഫോണിക്‌സ് എഫ്സിയോടൊപ്പം ഒരു വര്‍ഷം ചെലവഴിച്ച ശേഷം വിവേക് നഗുലിന്റെ കീഴിലും സഹപരിശീലകനായി ചേര്‍ന്നു. സ്‌കൈ ഹ്വാക്കിന് വേണ്ടിയാണ് സഹപരിശീലകന്റെ വേഷം അണിഞ്ഞത്. എന്നാല്‍ സാമ്പത്തിക പരാധീനതകള്‍ വില്ലനായി. 

''അവള്‍ പറഞ്ഞു, എന്തു തന്നെ സംഭവിച്ചാലും നിങ്ങള്‍ ഫുട്‌ബോള്‍ ഉപേക്ഷിക്കാതിരിക്കുക"

തുടര്‍ന്നാണ്, ചായക്കട തുടങ്ങാന്‍ തീരുമാനിച്ചത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ മുന്നോട്ടുക്കൊണ്ടു പോകാന്‍ ഇതും മതിയായിരുന്നില്ല. ഇവിടെ ധൈര്യം പകര്‍ന്നത് ഭാര്യ രുപാലിയാണ്. ''അവള്‍ പറഞ്ഞു, എന്തു തന്നെ സംഭവിച്ചാലും നിങ്ങള്‍ ഫുട്‌ബോള്‍ ഉപേക്ഷിക്കാതിരിക്കുക. ഇതോടെ എന്റെ ഉത്തരാവാദിത്ത്വങ്ങള്‍ വര്‍ധിച്ചു. എന്റെ മകള്‍ക്ക് ആറ് വയസായിരുന്നു. മകന് ഒരു വയസും. എന്റെ ഭാര്യയുടെ വാക്കുകളാണ് എനിക്ക് ധൈര്യം പകര്‍ന്നത്. അവള്‍ പറഞ്ഞതിനെ കുറിച്ച് ഞാന്‍ ആലലോചിച്ചു. പിന്നീടാണ് സ്വപ്‌നത്തിന് പിന്നാലെ ഓടാന്‍ തീരുമാനിച്ചത്.''

പിന്നീട് കോച്ചിങ് ലൈസന്‍സെടുത്തു. മുന്‍ ഐ ലീഗ് ടീം ഭാരത് എഫ്‌സിയുടെ യൂത്ത് ടീമിനെ ചെറിയ കാലയളവോളം പരിശീലിപ്പിച്ചു. ഇക്കാലയളവില്‍ രുപാലി ചായക്കടയില്‍ ജോലി ചെയ്ത് കുടുംബം നോക്കി. പിന്നീട് മഹാരാഷ്ട് അണ്ടര്‍ 17 ടീമിനേയും. 2016ല്‍ എഎഫ്‌സിയുടെ 'ബി' ലൈസന്‍സ് ലഭിച്ചു. പിന്നീടായിരുന്നു മിനവര്‍യിലേക്കുള്ള മാറ്റം. ക്ലബിന്റെ അണ്ടര്‍ 18 ടീമിനെ പരിശീലിപ്പിക്കാനായിരുന്നു ക്ഷണം. ഒരു വര്‍ഷം അവരെ പരിശീലിപ്പിച്ചു. പിന്നീട് സീനിയര്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രമോഷനും ലഭിച്ചു.

ഐ ലീഗ് കിരീടം നേടിയ ഒരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. കിരീട നിര്‍ണയത്തിനുള്ള അവസാന മാച്ചിന് ശേഷം ഞാന്‍ ആദ്യം വിളിച്ചത് വീട്ടിലേക്കാണ്. ചര്‍ച്ചിലിനെ 1-0ന് പരാജയപ്പെടുത്തിയാണ് മിനര്‍വ ചാംപ്യന്‍ന്മാരായത്. വീട്ടില്‍ എല്ലാവരും ടിവിക്ക് മുന്നിലായിരുന്നു. അവരും എന്റെ നേട്ടം ആഗ്രഹിച്ചിരുന്നു. കാരണം, കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ സജീവ ഫുട്‌ബോള്‍ രംഗത്തുണ്ട്.

"അവസാനം എനിക്കും വിജയിക്കാന്‍ കഴിഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്..."