യുഎഇയില്‍ നടക്കുന്ന പരമ്പരയിലെ ട്വന്റി20 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ കളിക്കണമെന്നായിരുന്നു പിസിബിയുടെ ആവശ്യം.

വെല്ലിങ്ടണ്‍: പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാനുള്ള ക്ഷണം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് നിരസിച്ചു. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കിവീസ് അവസാനമായി പാക്കിസ്ഥാനില്‍ കളിച്ചത്. യുഎഇയില്‍ നടക്കുന്ന പരമ്പരയിലെ ട്വന്റി20 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ കളിക്കണമെന്നായിരുന്നു പിസിബിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് നിരസിച്ചു. ഒക്‌റ്റോബറിലാണ് ന്യൂസിലന്‍ഡിന്റെ പാക്കിസ്ഥാന്‍ പര്യടനം.

സുരക്ഷാ ടീമിന്റെ നിര്‍ദേശം അനുസരിച്ചാണ് പാക്കിസ്ഥാന്‍ കളിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ അറിയിച്ചു. തങ്ങളുടെ തീരുമാനം വിഷമമുണ്ടാക്കുന്നതാണെങ്കിലും പാക്കിസ്ഥാന്‍ മനസ്സിലാക്കുമെന്നാണ് ബാര്‍ക്ലേ പറഞ്ഞത്. ന്യൂസിലന്‍ഡിനെ പോലെ ഒരു ടീം പാക്കിസ്ഥാനിലേക്ക് ക്ഷണിക്കപ്പെടുമ്പോള്‍ അത് മറ്റു രാജ്യങ്ങള്‍ക്ക് കൂടിയുള്ള ആത്മവിശ്വാസമാണെന്ന് അറിയാം. എന്നാല്‍ ഇത്തവണ സാധിക്കില്ലെന്നും ബാര്‍ക്ലേ പറഞ്ഞു. 

മൂന്ന് വീതം ടെസ്റ്റും ഏകദിനവും ട്വന്റി20 മത്സരങ്ങളുമാണ് പാക്കിസ്ഥാനെതിരേ യുഎഇയില്‍ ന്യൂസിലന്‍ഡ് കളിക്കുക. 2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ തീവ്രവാദി ആക്രമണമുണ്ടായ ശേഷം യുഎഇയാണ് പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ട്. സിംബാബ്‌വേയാണ് അടുത്തിടെ ലാഹോറില്‍ സന്ദര്‍ശനം നടത്തിയ മറ്റൊരു ടീം. ലോക ഇലവനും വിന്‍ഡീസ് രണ്ടാം നിരയും പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നു.