ദില്ലി: ഇന്ത്യന്‍ കായികരംഗത്തെ പരമോന്നത ബഹുമതികളായ രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജുന പുരസ്കാരങ്ങള്‍ക്കുള്ള കായിക താരങ്ങളെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ വീരേന്ദര്‍ സെവാഗും പി ടി ഉഷയും. ജസ്റ്റിസ് സി കെ താക്കര്‍ അദ്ധ്യക്ഷനായ 13 അംഗ സമിതിയിലാണ് ഇരുവരും ഇടം നേടിയത്. രാജ്യത്തെ എക്കാലത്തെയും മികച്ച അത്‌ലറ്റായ പി ടി ഉഷയും ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗും അര്‍ജുന ജേതാക്കളാണ്.

മുന്‍ ബോക്സിംഗ് താരം മുകുന്ദ് കില്ലെകര്‍, കബഡി താരം സുനില്‍ ഡബാസ് എന്നിവര്‍ സമിതിയിലിടം നേടി. മാധ്യമപ്രവര്‍ത്തകരായ എം ആര്‍ മിശ്ര സഞ്ജീവ് കുമാറും എസ് കണ്ണനും സമിതിയിലുണ്ട്.

പാരാലിമ്പിക്സ് താരമായിരുന്ന ലതാ മാധവി, കായിക ഭരണാധികാരിയായ അനില്‍ ഖന്ന, സായ് തലവന്‍ ഇഞ്ചെടി ശ്രീനിവാസ്, കായിക മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രജ്‌വീര്‍ സിംഗ് എന്നിവരും സമിതിയംഗങ്ങളാണ്. വിജയികളെ തീരുമാനിക്കാന്‍ സമിതി ഓഗസ്റ്റ് മൂന്നിനു യോഗം ചേരും.