പതിനൊന്നാമത് ഇന്ത്യൻ പ്രീമിയര്‍ ലീഗിന് ഏപ്രിൽ ഏഴിന് തുടക്കമാകും. എന്നാൽ ഈ മാസം 27, 28 തീയതികളിൽ നടക്കുന്ന ഐപിൽ താരലേലം, ചാംപ്യൻഷിപ്പിന്റെ ചൂടുംചൂരും നേരത്തെ എത്തിച്ചിരിക്കുകയാണ്. ഇത്തവണത്തെ ഐപിഎൽ കിരീടം ആര്‍ക്കായിരിക്കുമെന്ന് പ്രവചിക്കാനാകുമോ? ആരൊക്കെ ഏതൊക്കെ ടീമുകളിൽ കളിക്കുമെന്ന് ഉറപ്പാകുന്നതിന് മുമ്പ് ഇത്തരമൊരു പ്രവചനം ദുഷ്‌ക്കരമാകും. എന്നാൽ ഇത്തവണത്തെ ഐപിഎൽ ജേതാക്കളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുയാണ് സെവാഗ്. കിങ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡയര്‍ഡെവിള്‍സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവയിൽ ഏതെങ്കിലും ഒരു ടീം കിരീടം നേടുമെന്നാണ് സെവാഗ് പറയുന്നത്. നിലവിൽ കിങ്സ് ഇലവൻ പഞ്ചാബ് ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്‌ടറാണ് സെവാഗ്. ഇതുവരെ കിരീടം നേടാത്ത ടീമുകള്‍ക്കാണ് ഇത്തവണ സാധ്യതയെന്നാണ് സെവാഗിന്റെ വിലയിരുത്തൽ. അതിൽ ഏറ്റവും മുന്നിൽ നില്‍ക്കുന്നത് പഞ്ചാബും ബാഗ്ലൂരും ഡൽഹിയുമാണെന്നാണ് വീരുവിന്റെ പക്ഷം. ഇത്തവണ ശക്തമായ ടീമിനെ കിങ്സ് ഇലവൻ പഞ്ചാബ് അണിനിരത്തുമെന്നും സെവാഗ് വ്യക്തമാക്കി. താരലേലത്തിനായി വ്യക്തമായ പദ്ധതി ടീമിനുണ്ടെന്നും വീരു പറഞ്ഞു.