ജൊഹനസ്ബര്‍ഗ്: ഏകദിന പരമ്പരയിലെ ദയനീയ തോല്‍വി ടി20യിലും ആവര്‍ത്തിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഏകദിന പരമ്പര 5-1ന് കൈവിട്ട സന്ദര്‍ശകര്‍ ആദ്യ ടി20യില്‍ 28 റണ്‍സിന് പരാജയപ്പെട്ടു. സൂപ്പര്‍താരം എബിഡി പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായത് മത്സരത്തിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരുന്നു. റീസാ ഹെന്‍ഡ്രിക്‌സ്(70) ഒഴികെയുള്ള ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടതാണ് ദക്ഷിണാഫ്രിക്കയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്.
വാണ്ടറേഴ്‌സ് ടി20യിലെ പരാജയത്തിനുള്ള ഉത്തരവാദിത്വം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് നായകന്‍ ജെ.പി ഡുമിനി. ചെറിയ ബൗണ്ടറികളുള്ള ബാറ്റിംഗ് ട്രാക്കില്‍ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ കഴിയുന്ന സ്കോറായിരുന്നു. എന്നാല്‍ ബാറ്റിംഗ് നിര പരാജയപ്പെട്ടതോടെ പരാജയം ഏറ്റുവാങ്ങി. പരാജയത്തിന്‍റെ ഉത്തരവാദിത്വം താനടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്കാണെന്നും എങ്ങനെ വിജയിക്കാമെന്ന് സ്വയം കണ്ടെത്തണമെന്നും ഡുമിനി പറഞ്ഞു.
ടീമിലെ മുതിര്‍ന്ന താരങ്ങളായ മില്ലറും(9) ഡുമിനിയും(3) മോറിസും(0) ബാറ്റിംഗില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു. അതേസമയം ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ 24 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി ആതിഥേയരെ പ്രതിരോധത്തിലാക്കുകയും ചെയ്തു. രണ്ട് മത്സരങ്ങള്‍ അവശേഷിക്കേ പരമ്പര നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിയര്‍ക്കേണ്ടിവരും. ട്വന്‍റി20ക്കായി പുതുനിരയെ ഇറക്കിയിട്ടും ഫലം കാണാത്തതിന്‍റെ അങ്കലാപ്പിലാണ് ദക്ഷിണാഫ്രിക്ക.
