ന്യൂയോര്‍ക്ക്: ഫിഫ നല്‍കുന്ന ബാലണ്‍ദ്യോര്‍ അവാര്‍ഡ്ദാനച്ചടങ്ങിനിടെ ഫിഫ അധ്യക്ഷനായിരുന്ന സെപ് ബ്ലാറ്റര്‍ തന്നെ കയറിപ്പിടിച്ചുവെന്ന് മുന്‍ യു.എസ് വനിതാ ടീം ഗോളി ഹോപ് സോളോ. ബാലണ്‍ദ്യോര്‍ അവാര്‍ഡ്ദാന ചടങ്ങിലെ അവതാരകയായിരുന്നു യു.എസിനുവേണ്ടി 202 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സോളോ. പേടി കാരണമാണ് താന്‍ ഇത്രയും കാലം ഈ കാര്യം പറയാതിരുന്നതെന്നും അമേരിക്കയ്ക്ക് രണ്ട് ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത മുപ്പത്തിയാറുകാരിയായ സോളോ പറഞ്ഞു.

പോര്‍ച്ചുഗീസ് ദിനപത്രമായ എക്സ്പ്രസോവിന് നല്‍കിയ അഭിമുഖത്തിലാണ് സോളോ ഗുരുതമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍, എണ്‍പത്തിയൊന്നുകാരനായ ബ്ലാറ്റര്‍ ഈ ആരോപണം നിഷേധിച്ചു. പരിഹാസ്യം എന്നാണ് ഈ ആരോപണത്തെ ബ്ലാറ്റര്‍ വിശേഷിപ്പിച്ചത്. 2013ല്‍ മികച്ച ഫുട്ബോള്‍ താരങ്ങള്‍ക്ക് ഫിഫ നല്‍കുന്ന ബാലണ്‍ദ്യോര്‍ അവാര്‍ഡ്ദാനച്ചടങ്ങിനിടെയായിരുന്നു സംഭവം.

മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെയാണ് ബ്ലാറ്റര്‍ പിടിച്ചത്. സ്റ്റേജില്‍ കയറാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. വളരെ അസ്വസ്ഥയായാണ് ഞാന്‍ ആ ചടങ്ങില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികപീഡനം ഹോളിവുഡില്‍ മാത്രമല്ല, എല്ലാ മേഖലകളിലും നടക്കുന്നുണ്ട്. ഞാനത് കായികരംഗത്ത് ദാരാളം കണ്ടിട്ടുണ്ട് എന്നും സോളോ പറഞ്ഞു.