ഇത്തവണ ജഴ്‌സിയണിയുക ലോക ഇലവനായി

ലാഹോര്‍: വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട താരമാണ് ബും ബും അഫ്രിദി എന്ന് വിളിപ്പേരുള്ള ഷാഹിദ് അഫ്രിദി. ലോക ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്സ്മാന്‍മാരില്‍ മുന്‍നിരയിലാണ് മുന്‍ പാക്കിസ്ഥാന്‍ താരത്തിന്‍റെ സ്ഥാനം. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അഫ്രിദി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ലോര്‍ഡ്‌സില്‍ മെയ് 31ന് വെസ്റ്റിന്‍ഡീസുമായുള്ള സൗഹൃദ മത്സരത്തില്‍ ലോക ഇലവനായി അഫ്രീദി കളിക്കും.

അഫ്രീദിക്കൊപ്പം പാക്കിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ ഷൊയബ് മാലിക്കും ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരയും ലോക ഇലവനായി കളിക്കുന്നുണ്ട്. കരീബിയന്‍ നാടുകളില്‍ ആഞ്ഞടിച്ച ഇര്‍മ, മാറ ചുഴലിക്കാറ്റുകളില്‍ ദുരിതത്തിലായവരെ സഹായിക്കാനുള്ള പണം കണ്ടെത്താനാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോര്‍ഡ്‌സില്‍ നടക്കുന്ന സൗഹൃദ പോരാട്ടത്തിനുള്ള ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് അഫ്രിദിയുടെ പ്രതികരണം. 

അതേസമയം കാര്‍ലോസ് ബ്രെത്ത്‌വൈറ്റിന്‍റെ നായകത്വത്തില്‍ സൂപ്പര്‍ താരനിരയാണ് വിന്‍ഡീസിനായി കളിക്കാനിറങ്ങുക. ക്രിസ് ഗെയ്‌ല്‍, മര്‍ലോണ്‍ സാമുവല്‍സ്, ആന്ദ്ര റസല്‍ സാമുവല്‍ ബദ്രി തുടങ്ങിയവര്‍ വിന്‍ഡീസിനായി ജഴ്സിയണിയും. ലോക ഇലവനായി കളിക്കുന്ന മറ്റ് താരങ്ങളെ വരുംദിവസങ്ങളില്‍ അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.