ദുബായ്: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ബൗണ്ടറി ലൈനിനരികെ അത്ഭുത ക്യാച്ചെടുത്ത് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെതിരെ ആയിരുന്നു കറാച്ചി കിംഗ് സ്റ്റാര്‍ ടീം അംഗമായ അഫ്രീദിയുടെ ക്യാച്ച്. മുഹമ്മദ് ഇര്‍ഫാന്റെ പന്തില്‍ സിക്സറിന് ശ്രമിച്ച ഉമര്‍ അമീനെയാണ് ബൗണ്ടറി ലൈനിനനരികില്‍ അഫ്രീദി പറന്നുപിടിച്ചത്.

ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ അഫ്രീദി പന്ത് വായുവിലേക്കുയര്‍ത്തിയിട്ട് ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് ചാടിയശേഷം തിരിച്ചുവന്ന ക്യാച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കറാച്ചി കിംഗ്സ് 20 ഓവറില്‍ 149 റണ്‍സെടുത്തപ്പോള്‍ ഗ്ലാഡിയേറ്റേഴ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പിഎസ്എല്ലില്‍ കിംഗ്സിന്റെ ആദ്യ ജയമാണിത്.