ആരാധകനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ഷാക്കിബ് അല്‍ ഹസന്‍. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു

ധാക്ക: സമകാലിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറായ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ വിവാദങ്ങളില്‍ ഒട്ടും പിന്നിലല്ല. ഹോട്ടലില്‍ വെച്ച് ഒരു ആരാധകനുമായി ബംഗ്ലാ നായകന്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതാണ് ഒടുവിലത്തെ സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാക്കിബ്.

ബംഗാളിയിലും ഇംഗ്ലീഷിലുമായി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷാക്കിബിന്‍റെ വിശദീകരണം. വിന്‍ഡീസിനെതിരായ മത്സരശേഷം ഹോട്ടലില്‍ വെച്ച് ആരാധകനുമായി ഏറ്റുമുട്ടി എന്ന തരത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംഭവത്തിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും ഇതിലില്ല എന്നതാണ് വസ്‌തുത എന്ന് പറഞ്ഞാണ് ഷാക്കിബ് ആരംഭിക്കുന്നത്. 

മത്സരശേഷം കൈനിറയെ ലഗേജുമായി പോകുമ്പോള്‍ ഓട്ടോഗ്രാഫ് നല്‍കുക അത്ര എളുപ്പമല്ല. സാധാരണയായി താനും സഹതാരങ്ങളും ആരാധകര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. സെല്‍ഫികളെടുക്കാറും ഓട്ടോഗ്രാഫ് നല്‍കാറുമുണ്ട്. എന്നാല്‍ ഞങ്ങള്‍ മനുഷ്യന്‍മാരാണെന്നും രാജ്യത്തിനായാണ് കളിക്കുന്നതെന്നും ആരാധകരും മനസിലാക്കണം.

തിരക്കിലാവാനും ക്ഷീണിതരാവാനും ഞങ്ങള്‍ക്ക് അവകാശമില്ലേ?...ഞങ്ങള്‍ നല്ല മൂഡിലാണോ മോശം മൂഡിലാണോ എന്നറിയാതെ പ്രവചനങ്ങള്‍ നടത്തരുത്. ദേശീയ ടീമിലും ക്ലബിലും ആരാധകര്‍ക്കായാണ് കളിക്കുന്നത്. അതേസമയം നിങ്ങളില്‍ നിന്ന് ബഹുമാനവും സ്‌നേഹവും ഒക്കെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. എന്നിങ്ങനെ നീളുന്നു ഷാക്കിബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 
ഷാക്കിബിന്‍റെ കുറിപ്പ് വായിക്കാം...