ധാക്ക: പത്ത് വിക്കറ്റ് നേടിയ ഷക്കീബ് അല്‍ ഹസന്‍റെ മാസ്മരിക പ്രകടനമാണ് ഓസ്ട്രേലിയയ്ക്കെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം സമ്മാനിച്ചത്. മത്സരത്തിനു ശേഷം ഷക്കീബ് ഈ വിജയത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി. എന്‍റെ ടീമിനു വേണ്ടി ഞാന്‍ മഹത്തായ നേട്ടം കൈവരിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. എന്നെ പ്രോത്സാഹിപ്പിച്ച ആരാധകരോട് ഞാന്‍ നന്ദി പറയുന്നു. കഴിഞ്ഞ രാത്രി എനിക്ക് ഒരു വിശ്വാസമുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക് വിജയിക്കാനാവുമെന്ന്. ശരിക്കും ഞാന്‍ വിശ്വസിച്ചിരുന്നില്ല. 

പക്ഷെ അന്ന് രാത്രി എന്നോട് ഭാര്യ പറഞ്ഞു. ഷാക്കിബ് നിങ്ങള്‍ക്ക് സാധിക്കും, ബംഗ്ലാദേശിനെ നാളെ വിജയത്തിലെത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് പറഞ്ഞു. വളരെ നന്ദിയുണ്ട് എന്റെ ഭാര്യയോട് എന്നെ വിശ്വസിച്ചതിലെന്ന് ഷക്കീബ് പറഞ്ഞു. ക്യാപ്റ്റന്‍ സ്മിത്തിന്റെയും വാര്‍ണറുടെയും വിക്കറ്റുകളടക്കം വീഴ്ത്തിയാണ് ഹസ്സന്‍ ബംഗ്ലാദേശിന്റെ വിജയശില്‍പ്പിയായത്

ആദ്യ ഇന്നിങ്സിലെ അഞ്ചു വിക്കറ്റ് നേട്ടത്തിലൂടെ ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയും അഞ്ചു വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളര്‍ എന്ന നേട്ടവും ഹസ്സന്‍ സ്വന്തമാക്കി.

ഡെയ്ല്‍ സ്റ്റീന്‍, മുത്തയ്യ മുരളീധരന്‍, റെങ്കണ ഹെര്‍ത്ത് എന്നിവരാണ് ഈ ഹസ്സന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബംഗ്ലാദേശ് ബൗളറാണ് ഹസ്സന്‍. നേരത്തെ മെഹന്ദി ഹസ്സന്‍, ഇനാംമുള്‍ ഹഖ് എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.