വിരലിന് സാരമായി പരിക്കേറ്റ ഷാക്കിബ് ചികിത്സയിലാണ്. വെള്ളിയാഴ്‌ച്ച നിസ്കാരത്തിനിടെ ഷാക്കിബിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ആരാധകര്‍. നന്ദി പറയാന്‍ വാക്കുകളില്ലെന്ന് താരത്തിന്‍റെ ഭാര്യ... 

ധാക്ക: ബംഗ്ലാദേശ് കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. എന്നാല്‍ ഏഷ്യാകപ്പിനിടെ വിരലിന് പരിക്കേറ്റ ഷാക്കിബ് കരിയറിലെ സങ്കീര്‍ണഘട്ടത്തലൂടെ കടന്നുപോവുകയാണ്. വിദഗ്ധ ചികിത്സകള്‍ക്കായി ഓസ്‌ട്രേലിയയിലാണ് ഷാക്കിബ് ഉള്ളത്.

ഷാക്കിബ് വേഗം സുഖംപ്രാപിച്ച് തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് അദേഹത്തിന്‍റെ ആരാധകര്‍. വെള്ളിയാഴ്‌ച്ച നിസ്കാരത്തിനിടെ ഷാക്കിബിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി ആരാധകര്‍. ഇതിന്‍റെ ചിത്രങ്ങള്‍ ഷാക്കിബിന്‍റെ ഭാര്യ ഉമീ അഹമ്മദ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഷാക്കിബിനായി പ്രാര്‍ത്ഥിക്കുന്ന ആരാധകര്‍ക്ക് നന്ദി പറയാന്‍ വാക്കുകളിലെന്ന് ഉമീ പറയുന്നു. രാജ്യത്തെ 10 പള്ളികളിലായിരുന്നു പ്രത്യേക പ്രാര്‍ത്ഥന. 

പരിക്കേറ്റ വിരലിന്‍റെ രൂപം ഏങ്ങനെയാവും എന്നറിയില്ലെന്നും എന്നാല്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നും ചികിത്സകള്‍ക്കായി ധാക്കയില്‍ നിന്ന് പുറപ്പെടും മുന്‍പ് ഷാക്കിബ് പറഞ്ഞിരുന്നു. ബംഗ്ലാദേശിനായി 53 ടെസ്റ്റില്‍ 3692 റണ്‍സും 192 ഏകദിനത്തില്‍ 5482 റണ്‍സും ഷാക്കിബ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 196 വിക്കറ്റും ഏകദിനത്തില്‍ 244 വിക്കറ്റും വീഴ്‌ത്തി.