ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരമാണ് ഷമിയെ ഉള്‍പ്പെടുത്തിയത്

ദുബായ്: ലോര്‍ഡ്‌സില്‍ ഈ മാസം 31ന് വെസ്റ്റിന്‍ഡീസിനെ നേരിടുന്ന ഐസിസി ലോക ഇലവനില്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരം പേസർ മുഹമ്മദ് ഷമി കളിക്കും. വൈറല്‍ പനി മൂലം ഹര്‍ദിക് പിന്‍മാറിയതോടെയാണ് ഷമിയെ ഉള്‍പ്പെടുത്തിയത്. ചുഴലിക്കാറ്റില്‍ തകര്‍ന്ന വിന്‍ഡീസിലെ സ്റ്റേഡിയം പുനര്‍നിര്‍മ്മിക്കാന്‍ പണം കണ്ടെത്താനാണ് പ്രദര്‍ശന ടി20 മത്സരം സംഘടിപ്പിക്കുന്നത്. 

പാക് താരം ഷാഹിദ് അഫ്രിദിക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ ആദില്‍ റഷീദിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന് പകരം ഐപിഎല്ലില്‍ അരങ്ങേറിയ നേപ്പാള്‍ കൗമാര താരം സന്ദീപ് ലമിച്ചാനെ ടീമിലെടുത്തിരുന്നു. ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ നയിക്കുന്ന ലോക ഇലവനില്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കുമുണ്ട്.